കാബൂളിവാല ഒരു ക്ലാസിക്ക് ആവുന്നത് എങ്ങനെ?
വി എം ഗിരിജ
മഹാകവി രബീന്ദ്രനാഥടാഗോറിന്റെ 150ആമത് ജന്മവാർഷികം അടുത്ത വർഷം ആഘോഷിക്കുന്നു….1861 ആണ് ടാഗോറിന്റെ ജന്മവർഷം.അദ്ദേഹത്തിന്റെ ഏറ്റവും ജനപ്രിയമായ കഥ കാബൂളിവാല ഇക്കാലത്ത് എങ്ങനെ പഠനാർഹമാവുന്നു എന്ന ആലോചനക്ക് പ്രസക്തി ഉണ്ട് തെരഞ്ഞെടുത്ത .ടാഗോർക്കഥകളുടെ ആമുഖത്തിൽ ,{The Oxford Tagore Traslations എന്ന പരമ്പരയിലെ selected short stories] തപോബ്രതഘോഷ് ഇങ്ങനെ പറയുന്നു.“.കുട്ടിക്കാലത്ത് അധികമൊന്നും ഇടപഴകലുകൾ പുറം ലോകവുമായി ഇല്ലാതിരുന്ന ടാഗോർ നേരിട്ട് കണ്ട ഒരാളാണ് റഹ് മത് എന്ന കാബൂളിവാലയുടെ പ്രാഗ്രൂപം.ചാക്കുവസ്ത്രങ്ങളുമണിഞ്ഞ് ചാക്കുകെട്ടും പേറി വരുന്ന ഒരു അഫ് ഗാൻ കച്ചവടക്കാരനെ ടാഗോർ കണ്ടിട്ടുണ്ട്….“
ആ കാബൂളിവാലക്കഥ പറയുന്ന ആഖ്യാതാവ്, ടാഗോർ തന്നെയോ എന്ന് നാം വിചാരിക്കും വിധം വൈകാരികതീക്ഷ്ണത ഉള്ള നിരീക്ഷണശക്തിയുള്ള ഒരെഴുത്തുകാരനാണ്.കഥാപാത്രമായ ആ എഴുത്തുകാരൻ ഇങ്ങനെ ആലോചിക്കുന്നു“.ഞാൻ കൽക്കത്ത വിട്ട് പുറത്തെങ്ങും പോയിട്ടില്ല.അതു കൊണ്ടായിരിക്കാം എന്റെ മനസ്സ് ലോകം മുഴുവൻ ചുറ്റിസ്സഞ്ചരിക്കുന്നത്.എന്റെ വീട്ടിന്നകത്ത് എനിക്കെപ്പൊഴും തോന്നും ഞാൻ ബഹിഷ്കൃതനാണെന്ന്.; ഞാൻ വിശാലമായ പുതുലോകങ്ങളെ സ്വപ്നം കണ്ടുകൊണ്ടേയിരിക്കും.ഒരു പുതിയ രാജ്യത്തിന്റെ പേരു കേട്ടാ മതി ഞാൻ എന്റെ സങ്കൽപ്പ സഞ്ചാരം തുടങ്ങും.വിദേശമണ്ണിൽ നിന്നു വരുന്ന ആരെയെങ്കിലും കണ്ടാലും അങ്ങനെ തന്നെ.എന്നാലും ഞാൻ സ്വന്തം വേരിനോട് അത്രമേൽ ബന്ധിക്കപ്പെട്ട ഒരു സസ്യം മാത്രമാണ്.[yet am so much a vegetable anchored to my root] സ്വന്തം മൂല വിട്ട് പോവുന്നതിനെ കുറിച്ചുള്ള ആലോചന പോലും എന്നെ നടുക്കും”ആ എഴുത്തുകാരൻ സ്വന്തം ജീവിതത്തിൽ ലോകത്തിന്റെ നാനാഭാഗങ്ങളേയും പുണരാൻ കൊതിക്കുന്നു.അയാൾ എഴുതുന്നത് അയാൾ ചിന്തിക്കുന്നത് അയാളുടെ സൃഷ്ടാവായ രബീന്ദ്രനാഥടാഗോർ എഴുതുന്നത് അങ്ങനെ ഒരു പാടു തലങ്ങൾ കാബൂളിവാലയിൽ കിടക്കുകയാണ്.
അയാൾ കാബൂളിവാലയോട് എന്നും സംസാരിക്കും.പൊക്കമേറിയ .ദുസ്തരമായ ചൂടു കൊണ്ട് ചുമന്ന മലനിരകൾ രണ്ടു ഭാഗത്തും.നടുവഴിയിലൂടെ നീങ്ങുന്ന കച്ചവടസംഘങ്ങൾ,ഒട്ടകപ്പുറത്തും കാൽനടയായും കച്ചവടക്കാർ, ചിലരുടെ കയ്യിൽ കുന്തങ്ങൾ ചിലരുടെ കയ്യിലോ പഴഞ്ചൻ റൈഫിളുകൾ…..
കാബൂളിവാലയുമായുള്ള സംസാരത്തിൽ നിന്ന് മിനിക്കുട്ടിയുടെ അഛനായ ആ എഴുത്തുകാരന്റെ ഉള്ളിൽ ഉയർന്നു വന്ന അഫ് ഗാൻ നാടിന്റെ ചിത്രം ഇതാണ്.
കാബൂളിവാലയും മിനിക്കുട്ടിയും തമ്മിൽ പിരിയാൻ വയ്യാത്ത അടുപ്പമാണ്.ആ നിഷ്കളങ്കമായ കളിയും ചിരിയും ആരെയും ആനന്ദിപ്പിക്കും.മിനിയുടെ അമ്മ പക്ഷെ അയാളെ സംശയദൃഷ്ടിയോടെയാണു നോക്കുന്നത്.അയാൾ അവളെ തട്ടിക്കൊണ്ട് പോവുമൊ?അങ്ങനത്തെ സംഭവം എന്താ ഉണ്ടായിട്ടില്ലെ?ആ മല പോലത്തെ പഠാനു മിനിയേ തട്ടിക്കൊണ്ട് പോവാൻ എന്താ പ്രയാസം?അഫ് ഗാനിസ്ഥാനിലെന്താ അടിമവ്യാപാരം നടക്കുന്നില്ല?.എന്നൊക്കെ അവൾ ഭർത്താവിനോട് ചോദിക്കും.എല്ലാവർക്കും ഒരേ തോതിൽ ഉറച്ച വിശ്വാസം ഉണ്ടാവുമൊ എന്ന് മിനിക്കുട്ടിയുടെ അഛനായ എഴുത്തുകാരൻ ചോദിക്കുന്നു.എന്നാലും ഒരു തെറ്റും ചെയ്യാത്ത കാബൂളിവാലയെ വീട്ടിൽ വരുന്നതിൽ നിന്ന് തടയാൻ അയാൾക്കാവുന്നില്ല.
കാബൂളിവാല ഒരാളെ മാരകമായി കുത്തി മുറിവേൽപ്പിച്ച് എട്ട് കൊല്ലം ജയിലിൽ കിടന്നു.മിനി ആ കൂട്ടുകാരനെ മറന്നു. എഴുത്തുകാരനും തന്നെക്കാൾ അല്ലെങ്കിൽ തന്നെ പോലെ തന്നെ[ അതായത് മിനിയുടെ കളിക്കൂട്ടുകാരനായിരുന്ന അവളുടെ സ്വന്തം അഛനായ തന്നേ പോലെ ] തന്റെ കൊച്ചുമകളുടെ ഹൃദയം കവർന്ന ആ സഞ്ചാരിയെ മറന്നു പോയി.അയാൾക്ക് കാബൂളിവാലയെ രക്ഷിക്കാൻ കുറഞ്ഞത് ശിക്ഷ കുറക്കാൻ എങ്കിലും കഴിയുമായിരുന്നില്ലേ എന്ന് നാം ചിന്തിച്ച് പോകും.എന്നാൽ മനുഷ്യർ അല്ലേ..!കഴിയുന്നത്ര അപകടങ്ങളിൽ ചെന്ന് ചാടാതെ ഒഴിഞ്ഞു നിൽക്കാനുള്ള സഹജ വാസന അവർക്ക് ഉണ്ടായിരിക്കാം.
എന്നാൽ എട്ട് കൊല്ലം കഴിഞ്ഞ് മിനിക്കുട്ടിക്ക് പഴയ പോലെ മുന്തിരിയും മറ്റുമായി എങനെയോ കൃത്യം അവളുടെ കല്യാണദിവസം തന്നെ വന്ന ആ ജയിൽമോചിതനെ തിരിച്ചയക്കാതെ മകളെ വധൂവേഷത്തിൽ പുറത്തെക്ക് കൊണ്ട് വന്ന് കാണിക്കാൻ അയാൾ തയ്യാർ ആയി.കാരണം ആ കാബൂളിവാലാ തന്റെ ഉള്ളുടുപ്പിൽ നിന്ന് ഒരു കുഞ്ഞിക്കൈപ്പത്തിയുടെ ചിത്രം പുറത്തെടുക്കുന്നു.വരച്ചതല്ല ഒരു ഫോട്ടോ അല്ല കരി പൊടിച്ച് എടുത്ത് അതിൽ മുക്കി ഒരു കടലാസിൽ പതിച്ചത്.അയാളുടെ സ്വന്തം മകളുടെ. ആ മകളുടെ മൃദുകൈപ്പത്തി നെഞ്ചോട് ചേർത്ത് പിടിച്ച പൊലെ അയാൾക്ക് തോന്നാൻ. അതാണു അയാൾ മിനിയെ കാണാൻ വന്നിരുന്നത്.സ്വന്തം മകളെ ആ സഞ്ചാരി കണ്ടത് മിനിയിൽ ആയിരുന്നു!
വധൂരൂപത്തിൽ മിനിയേ കണ്ടതും തലയിൽ കയ് വച്ച് നിലത്തിരിക്കുന്ന കാബൂളിവാലയെ നാം മറക്കില്ല.മിനി അയാളെ മറന്നിരുന്നു.അതു മാത്രമല്ല അയാളെ വേദനിപ്പിച്ചത് .തന്റെ മകളും അതെ പോലെ തന്നെ മറന്നിരിക്കും…കയ്യിൽ ഒന്നുമില്ലാതെ ജയിലിൽ നിന്ന് വിട്ട കുറ്റവാളിയായി അയാൾ എങ്ങനെ ആ വീട്ടിൽ തിരിച്ച് പോവും?സ്വന്തം മകൾക്കും കല്യാണം വേണ്ടേ?ഇങ്ങനെ നൂറ് നൂറ് ചിന്തകൾ വികാരങ്ങൾ അയാളെ തളർത്തി.അത് എഴുത്തുകാരനു മനസ്സിലായി.അയാൾ മിനിയുടെ കല്യാണം ആർഭാടമാക്കാൻ വെച്ചിരുന്ന കുറേ രൂപ എടുത്ത് ആ കാബൂളിവാലയെ യാത്രയാക്കുന്നു.മകൾ പിരിയാൻ പോകുന്നു എന്നാലോചിക്കുമ്പൊഴേ ശൂന്യമാകുന്ന അയാളുടേ മനസ്സിൽ കാബൂളിവാല മകൾക്ക് നൽകുന്ന അനുഗ്രഹം തിളക്കം ഉള്ളതാണു ആയിരം ദീപാലങ്കാരങ്ങളെക്കാളും.
കാബൂളിവാല ഒരു കുട്ടിക്കഥയായാണു പലപ്പോഴും വിലയിരുത്തപ്പെടാറുള്ളത്.ഇന്ത്യയിൽ വിദ്യാർഥികളെ പഠിപ്പിക്കുന്ന ഒരു കഥയാണിത്.എട്ടാം ക്ലാസ്സ് മുതൽ ബിരുദതലം വരെ എവിടെയും ഈ കഥ ടെക്സ്റ്റ് ബുക്കിൽ കണ്ടെന്ന് വരാം. എപ്പോൾ വായിച്ചാലും ഏത് പ്രായത്തിലുള്ളവരുടേയും കണ്ണുകൾ നനയിക്കും ഈ കഥ.നന്മയുടെ, അകളങ്കസൌഹൃദത്തിന്റെ കഥയായി ഇത് വാഴ്ത്തപ്പെടുന്നു.
എന്നാൽ ഈ കഥയിലെ ഓരോ വരിയും കുത്തും കോമയും നിശ്വാസവും ചിരിയും എല്ലാം ഏറെ ശ്രദ്ധയോടേ നിബന്ധിച്ചിരിക്കുന്നു.ഒരു മഹാകവിക്ക് മാത്രമേ ഇത്ര ധ്വനിസാന്ദ്രമായി എഴുതാൻ പറ്റൂ.ഈ കഥക്കുള്ളിൽ നിബന്ധിച്ച് വെച്ചിരിക്കുന്നത് സർഗാത്മകതയെ പറ്റി ടാഗോർ കരുതുന്ന ഒരു മഹാരഹസ്യമാണ്.
താൻ എഴുതുന്ന നോവലിലെ നായികയും നായകനും- രണ്ട് കമിതാക്കൾ- ജയിൽ ചാടാൻ പുഴയിലെക്ക് കുതിക്കാനൊരുങ്ങുന്ന മുഹൂർത്തം കുറിക്കാൻ മിനിയുടേ അഛനായ എഴുത്തുകാരൻ തുടങ്ങുമ്പൊഴാണു മിനി ജനലിലൂടെ നീട്ടി വിളിച്ച് കാബൂളിവാല അകത്ത് വരുന്നത്.“ശല്യം! ഇന്നത്തെ എഴുത്ത്, ഞാൻ എഴുതാൻ ഭാവനയിലൂടെ സ്വരൂപിച്ചു കൊണ്ടിരുന്ന ആ അദ്ധ്യായം, ഈ സന്ദർശകന്റെ വരവോടേ ഇനി കുന്തമായിപ്പൊയല്ലൊ, എഴുതാനിരിക്കാൻ പറ്റില്ലല്ലൊ “ എന്നയാൾ സങ്കടത്തോടേ ചിന്തിക്കുന്നു എങ്കിലും തെളിഞ്ഞ ചിരിയുമായി വരുന്ന ആ സഞ്ചാരിയെ സ്വീകരിക്കാതിരിക്കാൻ പറ്റുന്നില്ല.മലനിരകളിലൂടേ പൊടി പൊങ്ങുന്ന വഴികളിലൂടെ തുരങ്കങ്ങളിലൂടെ ഒട്ടകപ്പുറത്തും കാൽനടയായും അയാളുടെ ഭാവന സഞ്ചരിക്കുന്നത് ആ അഫ് ഗാൻ കാരന്റെ സാന്നിധ്യത്തിലാണ്.പ്രതാപ് സിങ്ങും കാഞ്ചന്മാലയും രാത്രിയുടെ കൂരിരുട്ടിൽ തടവറ ചാടുന്നതും ആ നോവലിസ്റ്റിന്റെ ഭാവന തന്നെ.എന്നാൽ സ്വന്തം ലോകത്തെ മുഴുവൻ വിശാലലോകവും അവിടത്തെ സാധാരണക്കാരും ആയും ബന്ധിപ്പിക്കുന്നിടത്താണ് യഥാർഥഭാവന എന്ന് ടാഗോർ കാണിച്ച് തരികയാണ്.താൻ അറിയാതെ ഭൂമിശാസ്ത്രം തൊഴിൽ രാഷ്ട്രീയം ജാതി സ്വത്ത് ഭാഷ വേഷം വയസ്സ് എന്നീ വിഭാഗീയതകൾ മാഞ്ഞു പോകുന്നു മുസ്ലിമായ ആ സഞ്ചാരിക്കച്ചവടക്കാരനും ഒരു ബംഗാളിസവർണ്ണഹിന്ദുവായ സ്വത്തുകാരനും എന്ന വിടവു വിടവേ അല്ലാതാകുന്നു.
. കുറ്റവാളിയും തെറ്റില്ലാത്തവനും നല്ലവനും ചീത്തവനും എന്ന , ജെയിലിന്റെ ഉള്ളിലും പുറത്തും ഉള്ളവൻ എന്ന വ്യത്യാസങ്ങൾ ഒക്കെ ഇല്ലാതാകുന്നു.മാനവികതയാണ് എഴുത്തുകാർ നെഞ്ചോട് ചേർത്ത് പിടിക്കെണ്ടത് എന്നർഥം.
ക്ലാസ്സിക്കുകൾ ഇങ്ങനെയാണ് ഉണ്ടാവുന്നത്.എല്ലാ മനുഷ്യരെയും കൂട്ടിയിണക്കും അത്.സ്വന്തം വേരിനോട് ഒരു സസ്യം എന്ന പോലെ ബന്ധിതം എങ്കിലും അത് ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കും.ഭാവനാസഞ്ചാരങ്ങൾ കൈക്കുമ്പിളിൽ ഒരു പാട് അനുഭവങ്ങളുമായി മടങ്ങി വരും. ഇലക്ട്രിക്ക് വിളക്കിനേക്കാൾ മനുഷ്യന്റെ മനസ്സ് തണുക്കുമ്പോൾ ഉണ്ടാകുന്ന നിലാവിനാണ് അവിടെ തെളിച്ചം.കണ്ണുകൾ ഈറനണിയിക്കുമ്പോൾ തന്നെ ആ ദീപ്തിപ്രസരം നമുക്ക് അനുഭവിക്കാറാവും.
സ്വന്തം വേരിനോട് അത്യധികം ബന്ധിക്കപ്പെട്ട ആ വേരിൽ നിന്നടർത്തി മാറ്റിയാൽ സഹജഭാവം നശിച്ച് മണ്ണടിയുകയോ ഉണങ്ങുകയോ ചെയ്യുന്ന ഒരു സസ്യമാണ് യഥാർഥ എഴുത്തുകാരൻ.അങ്ങനെ ആയിരിക്കണം. സ്വന്തം സംസ്കാരം,നാട്,നാട്ടുകാർ,അവരുടേ സാമൂഹ്യമനസ്സ്,നാടൻ കഥകൾ, കല,ഉൾനാടുകൾ,ഭൂപ്രദേശങ്ങൾ,സ്വഭാഷ ഇവയെല്ലാം എഴുത്തുകാരൻ എന്ന സസ്യത്തിന്റെ വേരോടുന്ന മണ്ണാണ്.ആ മണ്ണിൽ അടിയുറപ്പിച്ച് മറ്റ് ഏതൊരു ഭൂവിഭാഗത്തെയും പരിചയപ്പെടണം.അപ്പോളറിയാം മനുഷ്യവികാരങ്ങൾ നന്മകൾ ജീവിതാശ സ് നേഹ ദാഹം എല്ലാമെവിടെയും ഒന്നാണ് എന്ന്.ചില്ലകൾ പൂക്കൾ ഇലകൾ മണങ്ങൾ മാറിയാലും എല്ലാറ്റിലും ഒഴുകുന്ന ജീവജലം ജീവരസം ഒന്നു തന്നെ എന്ന്.അതാണു ടാഗോർ എന്ന എഴുത്തുകാരൻ മിനിക്കുട്ടിയുടെ അഛൻ എന്ന നോവൽ എഴുത്തുകാരനിലൂടെ ആവിഷ്കരിച്ചത്.
മനുഷ്യർക്ക് ഈ പ്രപഞ്ചത്തിൽ ഇനിയും ജീവിക്കാൻ അനുമതി തരുന്ന ഒരു ക്ലാസിക്കാണ് കാബൂളിവാല.സർഗാത്മകതയുടെ പല പല മേഖലകളിലും സ്വന്തം പേരു എഴുതി ചെർത്ത ടാഗോർ ഇന്ത്യക്കാരുടെ അഭിമാനമാണ് എന്നതിന്റെ ഒരു അടയാളം.
====================
വി എം ഗിരിജ
തണൽ
കിഴക്കെക്കരറോഡ്
തൃക്കാക്കര പോസ്റ്റ്
കൊച്ചി 21
പിൻ 682021
2 comments:
Really beautiful appreciation Girija! Kaboolivala has no escape when once he enters one's mind. You have touched all memorable moments in the story- I felt as if going back to the day I read it first.
കഥയിൽ മിനി കാബൂളിവാലയെ
മറന്നു പോകുന്നതായിട്ടാണ്ണോ
Post a Comment