published in smart family magazine
വിക്ടർ യൂഗോയുടെ പാവങ്ങൾ മലയാളഗദ്യത്തെ പരിപോഷിപ്പിച്ചത് വികാരവിചാരങ്ങളെ രണ്ടു തരം ആഴത്തിൽ അടയാളപ്പെടുത്തിയതിനാലാണ്.പത്താം ക്ലാസ്സ് പരീക്ഷയൊഴിവിൽ അത് വായിച്ചപ്പോളുണ്ടായ അത്ഭുതാഹ്ലാദങ്ങൾ ഇപ്പോഴും ഉള്ളത് ക്ലാസിക്കുകളുടെ ഗരിമ കാരണമാവാം..ഡിയിലെ മെത്രാനും ഴാങ് വാൽ ഴാങ്ങും കണ്ടുമുട്ടുന്ന രംഗം മനുഷ്യമഹത്വത്തെ സാക്ഷ്യപ്പെടുത്തുന്നു.ജയിൽപ്പുള്ളിയായ കാരണം എവിടെയും സ്ഥലം കിട്ടാതെ മെത്രാനെ കാണാൻ വരുന്ന ഴാങ്ങിനോട് “എനിക്കറിയാം നിങ്ങളുടെ പേർ സഹോദരൻ എന്നാണ് “ എന്ന് മെത്രാൻ പറയുന്നത് എത്ര തവണ വായിച്ചാലും ഞാൻ കോരിത്തരിക്കാറുണ്ട്.ഡിയിലെ മെത്രാൻ കാലം ചെയ്തപ്പോൾ അപ്പോൾ എം പട്ടണത്തിലെ മേയർ ആയിരുന്ന മദലിയൻ എന്ന പേരിൽ അന്ന് അറിയപ്പെട്ട ഴാങ് ദീക്ഷയെടുത്തത് എന്നെ അൽഭുതപ്പെടുത്തിയില്ല.,പക്ഷേ ആ പേജ് വീണ്ടും വീണ്ടും വായിക്കുമ്പോൾ സൂര്യനുദിക്കും പോലെ തോന്നി.
തെനാർദിയർസ്ത്രീയുടെ ആവശ്യപ്രകാരം നിറഞ്ഞ ഇരുട്ടിൽ കൊസെത്ത് എന്ന വാനമ്പാടിപ്പക്ഷി ഒറ്റക്ക് വെള്ളമെടുക്കാൻ പോവുമ്പോൾ അവളുടെ പേടിച്ചരണ്ട കാൽ വെപ്പുകൾ,നിശാസം,ദൂരെ തിളങ്ങുന്ന നക്ഷത്രം,പെട്ടെന്ന് വെള്ളത്തൊട്ടിയുടെ കനം കൊണ്ട് പൊട്ടാറായ അവളുടെ കൈയ്ക്ക് ആശ്വാസം നൽകി ഒരു ഉറപ്പുള്ള കൈ അത് ചുമക്കുന്നത്.. ഇതെല്ലാം കണ്ണടച്ചാലും കാണാം.കൊസെത്തിന് അയാൾ, ഫാദർ മദലിയൻ , വിലപ്പെട്ട ഒരു പാവക്കുട്ടിയെ സമ്മാനിച്ചപ്പോൾ അത് തൊട്ടാൽ അതിൽ നിന്ന് തീപ്പൊരി പാറ്റി ഇടിമിന്നൽ പുറപ്പെടും എന്നവൾ പേടിച്ചു….കൊസെത്തും ഴാങ് എന്ന മദലിയനും തമ്മിൽ ഉണ്ടാകുന്ന മകൾ അഛൻ ബന്ധം ഇതിലെ ഒരു അലിവരുവിയാണ്.സിസ്റ്റർ സിമ്പ്ലീസിന്റെ ഒരേ ഒരു നുണ,താൻ തണ്ടുവലിശ്ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയാണെന്ന് കോടതിയിൽ മേയർ മദലിയൻ ഏറ്റ് പറയുന്ന രംഗം…പാവങ്ങളിലെ ഏതു രംഗവും വൈകാരികാഘാതം നൽകി മനുഷ്യമനസ്സിന്റെ നന്മയിലേയ്ക്കുള്ള സാധ്യതകളെ കാണിച്ചു തരും.അതു കൊണ്ട് ഈ നൂറ്റാണ്ടിൽ ഏറ്റവും വായിക്കപ്പെടെണ്ട കൃതി ഇതാണെന്ന് ഞാൻ കരുതുന്നു.
ചരിത്രപരമായ വിശകലനം,ചർച്ച എന്നിവ അത്യാവശ്യമല്ല എന്നുള്ളവർക്ക് അത്തരം അദ്ധ്യായങ്ങൾ മാറ്റിയും വായിക്കാം.അല്ലെങ്കിൽ രണ്ടാം വായനയിൽ അത് മുഴുവനായി വായിക്കാം.നാലാപ്പാട്ട് നാരായണമേനോന്റെ മൊഴിമാറ്റം മാത്രമെ ഞാൻ വായിച്ചിട്ടുള്ളൂ. അത് ഏത് മലയാളിയും വായിച്ചിരിക്കേണ്ടതാണ്.
ദാരിദ്ര്യം ,സ്ത്രീകൾക്ക് വിശപ്പു മൂലമുണ്ടാകുന്ന മാനഹാനി,കുട്ടികൾക്ക് അറിവില്ലായ്മയാൽ നേരിടുന്ന വളർച്ചക്കേട് ഇവ മനുഷ്യസമൂഹത്തിൽ ഉള്ളിടത്തൊളം കാലം ഈ ഗ്രന്ഥം പ്രസക്തമാണെന്ന് യൂഗോ പറയുന്നത് ശരിയാണ്.എന്നും പ്രസക്തം ഇത്.ചരിത്രം നിർമിച്ച കണ്ണീർ,ചോര,ഹിംസ,കൊതി,യുദ്ധം,മൂല്യം എന്ന് കരുതുന്ന മനുഷ്യവിരുദ്ധനിയമങ്ങൾ കൂടെ സ് നെഹവും നന്മയും.അതാണ് പാവങ്ങൾ.നന്മ സാധ്യമാണെന്ന് ഉറപ്പിച്ച് പറയുന്ന ഒരു കൃതി.
വി എം ഗിരിജ
2 comments:
സഹോദരിയുടെ വിശക്കുന്ന കുഞ്ഞിനു വേണ്ടി ഒരു കഷ്ണം റൊട്ടി മോഷ്ടിച്ചതാണ് ജീന്‍ വാല്‍ ജീനിന് 19 വര്‍ഷം തടവ് ശിക്ഷ നേടിക്കൊടുക്കുന്നത് എന്നാണ് എന്‍റെ ഓര്‍മ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വായിച്ച ഈ നോവലില്‍ ഞാന്‍ ഒരിയ്ക്കലും മറക്കാത്ത രംഗം ഇന്‍സ്പെക്ടര്‍ ജാവേര്‍ട് ആത്മഹത്യ ചെയ്യുന്നതാണ്. ഒരു ജീവിതം മുഴുവന്‍ വേട്ടപട്ടിയെ പോലെ പിന്തുടര്ന്ന് ഒരു നിഷ്കളങ്കന്‍റെ ജീവിതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ക്രൂരനായ ആ പോലീസ്കാരനെ ഒരൊറ്റ നിമിഷം കൊണ്ട് പാപത്തിന്‍റെ നരകത്തില്‍ നിന്നും മോചിപ്പിച്ച് സ്വര്‍ഗസ്ഥനാക്കി തീര്‍ക്കുകയാണ് വിക്ടര്‍ ഹ്യൂഗോ, ഒരു പക്ഷേ ഒരു എഴുത്ത്കാരനു മാത്രം സാധിക്കുന്ന മാജിക്, വില്ലനെ നായകനാക്കാനും തിരിച്ചും അയാള്‍ക്ക് ഏതാനും വാക്കുകളുടെ ദൂരം മാത്രം മതി.
ഒരു സംശയം , ജീന്‍ വാല്‍ ജീന്‍ എന്നല്ലേ നായകന്‍റെ യഥാര്‍ത്ഥ പേര് ?
ഴാങ് ൽ ഴാങ് എന്ന ഫ്രഞ്ച് വക്കിന്റ മലയാളീകരണം
Post a Comment