Wednesday, December 08, 2010

THE STUDY OF MADHAVIKKUTTIS NOVELETTE

PUBLISHED IN GARGI WOMENS MAGAZINE

കടൽമയൂരത്തിന്റെ നൃത്തം

മാധവിക്കുട്ടി മൂല്യവിചാരണ ചെയ്തിരുന്നത് ജീവിതത്തിന്റെ ഉള്ളിൽ വെച്ചാണെന്ന് തോന്നിക്കുന്ന ഒരു നീണ്ടകഥയാണ് കടൽമയൂരം.അതിലെ നായിക ശരിക്കും താൻ അടുത്ത അറിയുന്ന ഒരാളാണെന്ന് എന്നോട് ഒരിക്കൽ മാധവിക്കുട്ടി പറഞ്ഞു.നോട്ട്കൾ എഴുതിവെക്കാമായിരുന്നുഞാൻ ഇന്നാ പേരു ഓർക്കുന്നെ ഇല്ല.പേരിനു പ്രസക്തി ഉണ്ടായിട്ടല്ല..അവരുടെ മനസ്സ് സഞ്ചരിക്കുന്ന വഴികൾ അറിയാമായിരുന്നല്ലോ എന്ന് മാത്രം.

അവിവാഹിതയായ വൃദ്ധകന്യക പ്രൊഫ. രേണുകാദേവി തിരുവനന്തപുരത്തെ സദാചാരസംരക്ഷകരിൽ മുന്നണിപ്പോരാളിയാണ്.അവർ സുന്ദരിയായിരുന്നു.പിന്നീട് അങ്ങനെയല്ലാതായി.യുവതിയായിരുന്നു പിന്നീടങ്ങനെയല്ലാതായി.! [ഇത് എഴുത്തുകാരിയുടെ തന്നെ വാക്കുകൾ]സമ്പത്ത് സൌന്ദര്യം വിദ്യാഭ്യാസം എല്ലാം തികഞ്ഞിട്ടും അവർ വിവാഹം കഴിക്കാൻ കൂട്ടാക്കിയില്ല.സാമ്പത്തികശാസ്ത്രജ്ഞയും പ്രൊഫസ്സറും ആയിരുന്ന അവർ തനിക്ക് ബഹുമാനിക്കാൻ കഴിയുന്ന ബുദ്ധിശക്തിയുള്ള ഒരാളെ മാത്രമേ വിവാഹം കഴിക്കൂ എന്നാലോചിച്ച് ഉറപ്പിച്ചു അഛനോടത് പറഞ്ഞ് ജയിച്ച് നിന്നു.വിവാഹം നടന്നില്ല.വീട്ടിലെ ചെടികളെ നനച്ചും സമൂഹത്തിനേ നേർവഴി നടത്തിയും ജീവിച്ചു.ആദ്യത്തെ നരച്ച മുടി പ്രത്യക്ഷപ്പെട്ടപ്പോൾ അവർ വിചാരിച്ചു..കവിൾത്തടങ്ങളുടെ മിനുപ്പും തൊലിയുടെ മൃദുലതയും മങ്ങിയിട്ടില്ല. ഇളം നിറങ്ങൾ ,അല്ലെങ്കിൽ ആകാശനീല മയിൽ‌പ്പീലിനീല കടൽനീല എന്നീ നിറങ്ങളുള്ള പട്ട് സാരികൾ മാത്രമായിരുന്നു അവളുടെ ഒരേ ഒരു ദൌർബല്യം![അവർ എന്ന വിശേഷണം പട്ട് സാരിയുടെ കാര്യം വന്നപ്പോൾ അവൾ എന്നായത് യാദൃഛികമല്ല അല്ലെ?] പുതുവസ്ത്രങ്ങളുടെ മണം രേണുകയെ മത്തുപിടിപ്പിക്കും.വീഞ്ഞു കുടിച്ചാലെന്ന പോലത്തെ ഒരു ലഹരി അവർ അനുഭവിക്കും എന്ന് മാ‍ധവിക്കുട്ടി എഴുതിയിരിക്കുന്നു.മാംസളമല്ലാത്ത കവിളിൽ ചന്ദനനിറമുള്ള ഒരു പൌഡർ തിരുമ്മുന്നത് മാത്രമായിരുന്നു അവരുടെ ഒരേ ഒരു സൌന്ദര്യപരിചരണം.ശരീരത്തെ അവർ വകവെച്ചില്ല എന്നല്ല വെറുത്തു.ലൈംഗികകൃത്യം അന്തസ്സില്ലാത്ത ഒന്നാണെന്നും തന്റെ നഗ്നമേനി ചിതാഗ്നിജ്വാലകൾ മാത്രമേ കാണൂ എന്നും അവർ വിചാരിച്ചുറച്ചു,

രക്തസമ്മർദ്ദം,ഷുഗർ , ഹൃദ്രോഗം എന്നിവയെല്ലാം ഈ വൃദ്ധകന്യകയെ കാർന്നുതിന്നു തുടങ്ങിയിരിക്കുന്നു.അപ്പോളാണ് സിംഗപ്പൂർക്കുള്ള ഒരു ക്ഷണം കിട്ടിയത്.ലോകപ്രശസ്തരായ സാമ്പത്തികവിദഗ് ധർ പങ്കെടുക്കുന്ന ഒരു സെമിനാറിൽ ഭാരതത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ! ശിവ എന്ന പ്രിയമകൾ [അനുജത്തിയുടെ മകൾ]മാത്രം വലിയമ്മ ഇത്ര ദൂരത്തെക്ക് ഒറ്റക്ക് പോവുന്നത് ഇഷ്ടപ്പെട്ടില്ല.പട്ട്സാരികൾ കൊണ്ട് കനം തൂങ്ങിയ വലിയമ്മയുടെ പെട്ടിക്ക് മേൽകേറിനിന്ന് ശിവ വെറുതെ തുള്ളി.എന്നിട്ടും പെട്ടി അടഞ്ഞില്ല! ഭാരം കുറയ്ക്കാൻ രണ്ട് പോളിസ്റ്റർ സാരികൾ എടുത്താൽ മതി എന്ന ശിവയുടെ നിർദേശം രേണുക അംഗീകരിക്കുന്നില്ല.“ഞാൻ പരമ ദരിദ്രയാണെന്ന് മറ്റു രാജ്യക്കാർ വിചാരിക്കും.!“ഒരു ദരിദ്ര രാഷ്ട്രത്തിന്റെ പ്രതിനിധി അങ്ങനെ ഒക്കെ പോരേ എന്ന ശിവയുടെ മറുപടി അവളെ ശുണ്ഠി പിടിപ്പിക്കുന്നു.വി ജെ റ്റി ഹാളിൽ ഗാന്ധിസത്തെ പറ്റി പ്രസംഗിച്ച് കൈയ്യടി നേടും എങ്കിലും ശിവ ലളിതജീവിതം പിന്തുടരുമ്പോൾ പെൺകുട്ടികളുടെ സ്വാഭാവികമായ ചാരുത ഗാന്ധിസം മുരടിപ്പിച്ച് കളയും എന്ന് അവർ ഉള്ളിൽ വിചാരിക്കുന്നും ഉണ്ട്.

വിമാനത്തിൽ വെച്ച് രേണുക പരിചയപ്പെടുന്ന കിംസൂങ് എന്ന മലേഷ്യക്കാരൻ യുവാവ് രേണുകയെ മാറ്റി മറയ്ക്കുന്നു.കൈവശം അധികം ഡോളർ ഇല്ലാത്ത വയസ്സിയായ സുന്ദരിയല്ലാത്ത ഒരാൾ എന്ന് സ്വയം രേണുക വിലയിരുത്തുമ്പോൾ വയസ്സിയായിരിക്കാം പക്ഷെ സുന്ദരിയാണെന്ന് കിം.

സിങ്കപ്പൂരിലെ ഹോട്ടലിൽ അവൾ ബ്യുട്ടിപാർലറിൽ പൊയി നീണ്ടുചുരുണ്ട മുടി കറുപ്പിച്ചു,ഫേഷ്യൽ ചെയ്തു.തിരുവനന്തപുരത്ത് അവൾ ബ്യുട്ടിപാർലർ വിരുദ്ധ സമരം നയിച്ചിരുന്നു..കിം എന്ന യുവാവിനേ കുറിച്ച് ഓർക്കുന്നത് കൊണ്ട് ആത്മനിന്ദയാൽ ചുരുങ്ങി കട്ടിലിൽ കിടന്ന് അവൾ കരഞ്ഞു.പാതിരാത്രി കിം താഴെ റെസ്റ്ററന്റിൽ നിന്ന് ഒരു കാപ്പി കുടിക്കാൻ വിളിക്കുന്നു. രേണുക പിടഞ്ഞെണീട്ട് താഴെക്കോടുന്നു.”ആ നെറ്റി കണ്ടപ്പോൾ അവൾക്ക് ആളെ മനസ്സിലായി.തന്റെ കാലടികൾക്ക് ചിറകുകൾ മുളച്ചുവൊ?’ നീലപ്പട്ടുടുത്ത അവളെ കാണുമ്പോൾ “എനിക്ക് ഒരു മയിലിനെയാണോർമ വരുന്നത്,മയിൽ എന്ന പക്ഷിയേയല്ല മയിൽ പോൽ നീലിച്ച, മയിലുകളിൽ മയിലായ കടലെ എന്ന് നീഷെ വിളിച്ച കടൽമയൂരത്തെ” എന്ന് കിം പറയുന്നു,അയാൾ ഒരു കവിയാണ്.

രേണുക കാപ്പിയിൽ പാൽ ചേർക്കുന്നതിനെ അയാൾ വിമർശിച്ചു.നിങ്ങൾ ഇന്ത്യക്കാർക്ക് ഒന്നിന്റെയും രുചി തനതായി അനുഭവിക്കാനറിയില്ല എന്നയാൾ കുറ്റപ്പെടുത്തുന്നു.കാപ്പിയിൽ തുടങ്ങിയ സംഭാഷണം രതിയിൽ അവസാനിക്കുമ്പോൾ രേണുക നടുങ്ങിപ്പോകുന്നു.താൻ അയാൾക്ക് വഴങ്ങിപ്പോവുമൊ എന്നവൾ പേടിക്കുന്നു.ഇന്ത്യ ഗാന്ധിസം എന്നിവ ചില രൂപകങ്ങൾ ആവുകയാണു രേണുകയുടെ ഹൃദയത്തിൽ.സ്വന്തം ജീവിതത്തിനെ രൂപപ്പെടുത്തിയത് “ഗാന്ധിസമോ ഭാരതീയതയൊ “[അതിന്റെ യാഥാസ്ഥിതിക അർഥത്തിൽ] അല്ല എന്ന് രേണുകയ്ക്ക് മനസ്സിലാവാൻ സാദ്ധ്യമായെക്കാവുന്ന ഒരു നിമിഷമാണത്പക്ഷേ അത് നിരന്തരം മാറ്റിവെയ്ക്കപ്പെടുകയാണല്ലൊ അവളുടെ ജീവിതത്തിൽ.

.സെമിനാറിൽ പേപ്പർ അവതരിപ്പിക്കുമ്പോഴും അവൾ കിമ്മിനെ ഓർത്തു.അയാളൊട് ആകർഷിക്കപ്പെട്ടത് രേണുകയുടെ ഏകാന്തതയാണൊ?നാട്ടിൽ തനിക്ക് വേണ്ടി നാട്ടുകാർ നീട്ടിത്തന്ന ഗുണവതിയായ ആരാധ്യയായ നിത്യ കന്യകയുടെ വേഷം അവൾക്ക് അഴിച്ച് കളയാൻ കഴിയാതിരുന്നതാണോ?അവൾക്ക് കൂട്ട് ആവശ്യമായിരുന്നൊ? അതോ മുൻപു സൂചിപ്പിച്ച മൂല്യങ്ങളെ കുറിച്ചുള്ള ഉൾക്കൊള്ളലില്ലായ്മയോ?

ബാഹ്യസൌന്ദര്യത്തെ നിസ്സാരവൽക്കരിച്ചത് കൊണ്ടാണൊ തനിക്ക് അഴകു കുറഞ്ഞത്??കുഴമ്പിട്ട് തിരുമ്പാനും കൂടി ശ്രദ് ധിക്കാത്ത താൻ.തന്റെ വീട് തുറന്ന ഒരിടമായിരുന്നല്ലോ ഒരു പൊതുപ്രവർത്തകയുടെ വീട്..അതു കൊണ്ട് ഇമേജിനു വിരുദ്ധമായി എങ്ങനെ സൌന്ദര്യസംരക്ഷണം ചെയ്യും? ഇങ്ങനെ എല്ലാം രേണുക ആത്മാപഗ്രഥനം നടത്തുന്നു. ശരീരത്തിന്റെ ഓരോ അണുവും തനിക്ക് വിലപ്പെട്ടതാണു എന്ന് രേണുക തിരിച്ചറിയുന്നു.!

മൂന്നോ നാലോ ദിവസം ആ വൃദ് ധ പുതിയ കാമുകനൊത്ത് ശരീരത്തിന്റെ ആനന്ദം അറിയാൻ ശ്രമിക്കുന്നു “എന്നോട് ദയവു കാണിക്കുക ഞാൻ ചെയ്യുന്നത് എന്താണു എന്ന് എനിക്കറിയുന്നില്ല “ എന്നാണു കിമ്മിന്റെ ആദ്യ ആലിംഗനത്തിനു മുൻപ് രേണുക പറയുന്നത്.“രേണുക കണ്ണുകളടച്ച് തന്റെ യുവകാമുകന്റെ ഇംഗിതങങൾക്ക് വഴങ്ങി.അയാൾക്ക് വേണ്ടി ഒരു രകതസാക്ഷിയുടെ മനോഭാവത്തോടെ വേദന സഹിച്ചു.അപ്പോഴെക്കും സ് നെഹത്തിൽ പെട്ടു പോയ ആ പാവത്തിന് എന്റെ കിം എന്റെ കിം എന്ന് ഉരുവിടാൻ മാത്രമേ കഴിഞ്ഞുള്ളൂ”

പിന്നീട് നശ്വരതയേയും അനശ്വരതയേയും പറ്റിയുള്ള സംവാദങ്ങളാണ് അവർ തമ്മിൽ പ്രേമോക്തികൾക്കിടയിൽ നടക്കുന്നത്.അത് ഭാരതീയ ആനന്ദ സങ്കൽ‌പ്പത്തെ തന്നെ ഇഴപിരിച്ച് അറിയലാണൊ?

“ ഭാവിയായ്കത് ചിതാശവങ്ങളിൽ

പൂവുപോൽ അശുഭനശ്വരങ്ങളിൽ“ എന്ന രേണുകയുടെ പക്ഷമല്ല നശ്വരതയിലെ സൌന്ദര്യം കാണുന്ന കണ്ണാണു കിമ്മിന്റെത്

രേണുക യേശുവിന്റെ രകതസാക്ഷിത്വവുമായി ബന്ധപ്പെട്ട വാക്കുകൾ സംസാരിക്കുന്നതും തുടർന്ന് മാധവിക്കുട്ടി എഴുതിയ“ രേണുക കണ്ണുകളടച്ച് തന്റെ യുവകാമുകന്റെ ഇംഗിതങങൾക്ക് വഴങ്ങി.അയാൾക്ക് വേണ്ടി ഒരു രകതസാക്ഷിയുടെ മനോഭാവത്തോടെ വേദന സഹിച്ചു.അപ്പോഴെക്കും സ് നെഹത്തിൽ പെട്ടു പോയ ആ പാവത്തിന് എന്റെ കിം എന്റെ കിം എന്ന് ഉരുവിടാൻ മാത്രമേ കഴിഞ്ഞുള്ളൂ” എന്ന് മുൻപ് ഉദ്ധരിച്ച വരികളും ചേർത്തു വെച്ചാൽ സമർപ്പണത്തിന്റെ ബലിയുടെ ആനന്ദം മാത്രമാണവൾ അനുഭവിക്കുന്നത് എന്ന് മനസ്സിലാവും.പെൺകിടാങ്ങൾക്ക് പോലും ആദ്യരതി വേദനയാണെങ്കിൽ ഈ വൃദ്ധക്ക് ആ വേദന എങ്ങനെ സഹിക്കാനായി?ഒരു ചെറുപ്പക്കാരനോട് തോന്നിയ കാമമല്ല അത്.കാമരസം അറിയാത്തവളാണല്ലൊ രേണുക.സ്ത്രീക്ക് പുരുഷനോട് ഏറ്റവും അടുക്കാവുന്ന ,സ്വയം ഇല്ലാതായി അലിയാവുന്ന ആ വൈകാരികത,സമർപ്പണം തന്നെയാണോ രേണുകയും തേടിയത്?ആലിലക്കൃഷ്ണനെയാണല്ലൊ അവൾ എന്നും ആശ്രയിച്ചത്.തനിക്ക് ഈ പ്രായത്തിലുള്ള മകൻ ഉണ്ടായേനെ എന്നാണു അവൾ ആദ്യം കിമ്മിനേ കാണുംപ്പോൾ ഓർക്കുന്നത്

വിശുദ്ധകന്യാസ്ത്രീകൾ/മീര/ആണ്ടാൾ തുടങ്ങിയവരെ പോലെ രേണുകയും കൃഷ്ണന്റെ ഭാര്യയായി സ്വയം കണ്ടിരുന്നത് എന്തു കൊണ്ടാവാം?

മിസ്റ്റിസിസം എന്ന് പറയുന്നത് ഈ അവ്യകത സമർപ്പണത്തെ തന്നെയല്ലേ?

ചുരുങ്ങിയ ദിവസങ്ങളിൽ ആ വലിയ കഥ ആടിക്കഴിഞ്ഞു.തിരിച്ച് വരുന്നത് രേണുകയുടെ മൃതദേഹം! കൂടെ ഉള്ള പെട്ടിയിൽ കാണുന്ന അപരിചിതമായ ആൺ വസ്ത്രങ്ങൾ ആശങ്കയോടെ ശിവ എറിഞ്ഞു കളയുമ്പോൾ കഥ തീരുന്നു.

എന്താണീ കഥയുടെ പൊരുൾ?അടിയടരുകൾ?എന്തിനു അവർ മരിചു? കിമ്മോ രേണുകയോ കുറ്റവാളിയായി ചിത്രീകരിക്കപ്പെടുന്നില്ല.അവൾ ആനന്ദം അറിഞ്ഞു മരിച്ചോ അതോ ആനന്ദത്തിന്റെ വ്യർഥതയാണൊ അവർ അനുഭവിച്ചത്?കിം നാലു ദിവസത്തെ ആനന്ദത്തിനായി അവളെ വലയെറിഞ്ഞ് പിടിക്കയായിരുന്നൊ? ആനന്ദിച്ചാലും ഇല്ലെംകിലും അവസാനത്തെ അതിഥി മരണം അല്ലെ?ആത്മാവാണൊ ദേഹമാണൊ വലുത്? സൌന്ദര്യം ആനന്ദം തരുന്ന ഒരുറവയാണോ? രേണുകാദേവിയുടെ സദാചാരം ഒരു പാഴ് വേലയായിരുന്നൊ?

കാമം രതി എന്നിവ പ്രകൃതിയുടെ ഭാഗം ആണെന്നിരിക്കേ അതിനെ നിഷേധിക്കുന്ന ഭാരതതത്വചിന്താധാരയെ കളിയാക്കുകയാണൊ മാധവിക്കുട്ടി?ത്യജിക്കണം ഒന്നും ആസ്വദിക്കരുത്,ഭക്ഷണം രതി എല്ലാം നിലനിൽ‌പ്പിനാവശ്യമെങ്കിൽ മാത്രം മതി എന്ന പാരമ്പര്യത്തെ പുഛിക്കയല്ലെ ഈ നീണ്ട കഥ?സന്താനോൽ‌പ്പാദനത്തിനു മാത്രം രതി എന്ന പ്രകൃതിനിയമം മനുഷ്യർ പാലിയ്ക്കുന്നില്ല.സംസ്കാരം എന്നാൽ രതിയുമായി ബന്ധപ്പെട്ട ഒരു പാട് ഉപകരണങ്ങൾ,ശാസ്ത്രങ്ങൾ,പ്രത്യേകവിഭാഗങ്ങൾ, കലാരൂപങ്ങൾ,നഗ്നത,അശ്ലീലം ,ദാമ്പത്യം, പാതിവ്രത്യം,വയസ്സ്തുടങ്ങി ജാതി ജാതകം സമ്പത്ത് ഇങ്ങനെ ഇങ്ങനെ വലിയ ഒരു വ്യവസ്ഥാരൂപീകരണം കൂടിയാണല്ലോ.അസൂയ പ്രണയം തുടങ്ങിയ വൈകാരികവ്യവസ്ഥ,സൌന്ദര്യം യൌവനം എന്നീ ബേജാറുകൾ,സാഹിത്യം കല എന്നിങ്ങനെ അത് ഇപ്പൊഴും ഓരോ നിമിഷവും പെറ്റ് പെരുകുകയാണ്.

അതോ സ്വന്തം തീരുമാനത്തിൽ ഉറച്ച് നിൽക്കാത്ത ദൌർബല്യം ,തന്റെ ജീവിതത്തിലെ തീരുമാനങ്ങൾ പൊരുൾ അറിയാതെ ,തന്റെ തന്നെ കാപട്യം എന്നറിയാത്ത വിധം കൈക്കൊള്ളേണ്ടി വന്നതിന്റെ നിസ്സഹായത ……..എന്താണു മാധവിക്കുട്ടി പറയുന്നത്?

ശരീരം/മനസ്സ്/തെറ്റ്/ശരി/സ് നെഹം/ അകൽച്ച ഏകാന്തത /ധ്യാനാത്മക ആത്മസമർപ്പണം എന്നിങ്ങനെ മാധവിക്കുട്ടി അപഗ്രഥിക്കാൻ ശ്രമിച്ച ജീവിതസമസ്യ

ഈ കടൽമയൂരം കൊത്തിവിഴുങ്ങിയൊ?

വി എം ഗിരിജ

തണൽ

തൃക്കാ‍ക്കര പോസ്റ്റ്

കൊചിചി 21

1 comment:

Unknown said...

Good Piece ,Girija,thanks.