Wednesday, December 08, 2010

ഓരോ പ്രാണന്റെ ഉള്ളിലും *

* യുവകവി സന്ദീപ് കാളത്തിമേയ്ക്കാടിന്റെ Complaints of a selfish soul എന്ന കവിതാസമാഹാരം കവി എൻ കെ ദേശത്തിന് നൽകി പ്രകാശനം ചെയ്ത് ഡോ.എം ലീലാവതി നടത്തിയ പ്രഭാഷണം.

ന്ദീപിന്റെ കൃതി പോലുള്ളവ കാണുമ്പോൾ ശകതിയുള്ളവർക്ക് മാദ്ധ്യമം അത്ര വലിയ പ്രശ്നമല്ല എന്ന് മനസ്സിലാകും.എന്നാൽ ചില സന്ദർഭങ്ങളിൽ ഭാഷ,മാധ്യമം പ്രധാനമാണ്.1913ഇൽ ടാഗോറിന് നോബൽ സമ്മാനം കിട്ടിയതിന് ശേഷം ഒരു ഭാരതീയനും അത് കിട്ടിയിട്ടില്ല അതായത് ഒരു ശതാബ്ദമാകുന്നു ഭാരതത്തിൽ സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ചിട്ട്.ശക്തിമാന്മാരായ എത്രയോ പേർ ഉണ്ടായിട്ടുണ്ട്.ഭാരതീയഭാഷകളിൽ അന്താരാഷ്ട്രപ്രശസ്തിയുള്ള എത്രയോ കൃതികൾ ഉണ്ടായിട്ടുണ്ട്.എല്ലാം പ്രാദേശികഭാഷകളിലാണ് രചിക്കപ്പെട്ടിരിക്കുന്നത്.ഇന്ത്യൻ ഭാഷകളിൽ ഉണ്ടാകുന്ന കൃതികൾക്ക് അന്താരാഷ്ട അംഗീകാരം കിട്ടുന്നത് കുറവാണ്.

അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം കിട്ടി.നോബൽ പുരസ്കാരം കിട്ടിയില്ല.കിട്ടുമായിരിക്കും.1984ലാണ് വില്യം ഗോൾഡിങ്ങിന്റെ Lord of flies എന്ന നോവലിന് നോബൽ സമ്മാനം കിട്ടിയത്.അതിൽ സിംബോളിക് ആയ കാര്യങ്ങൾ ഉണ്ട്.സമകാലികലോക പ്രശ്നങ്ങളിൽ ഏറ്റവും പ്രസകതമായ ഒന്നിനെ ആവിഷ്കരിക്കുന്നു.പ്രത്യെകിച്ചും കുട്ടികളുടെ മനശ്ശാസ്ത്രത്തെ അനാവരണം ചെയ്യുന്നുണ്ട്.അതു പോലെ പ്രാമുഖ്യമുള്ള അതിനു കിട പിടിക്കാവുന്ന പല നോവലുകളും ഭാരതീയഭാഷകളിൽ ഉണ്ടായിട്ടുണ്ട്.മലയാളത്തിൽ തന്നെ എത്രയോ പേരുടെ നോവലുകൾ..സേതു,ആനന്ദ് അങ്ങനെയങനെ.ബംഗാളി ഭാഷയിൽ തന്നെ എത്രയോ നോവലുകൾ ഉണ്ടായി.മഹാശ്വേതാദേവി തന്നെ ഏറ്റവും നല്ല ഉദാഹരണം.പ്രാദേശികഭാഷകളിൽ എഴുതുന്നത് കൊണ്ട് ലോകം വേഗം അംഗീകരിക്കുന്നില്ല.പരിഭാഷകൾ വേണ്ടത്ര അംഗീകരിക്കപ്പെടുന്നില്ല.മൂലകൃതി തന്നെ ഇംഗ്ലിഷിൽ എഴുതപ്പെടുമ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു.എഴുത്തുകാർ സ്വന്തം കൃതികൾ സ്വയം അല്ലെങ്കിൽ പ്രഗൽഭരേക്കൊണ്ട് പരിഭാഷപ്പെടുത്തി ലോകത്തിന് സ്വയം പരിചയപ്പെടുത്തേണ്ട അവസ്ഥയാണ്.എഴുതാൻ കഴിവുള്ളവർ,ശക്തിയുള്ളവർ എഴുതാനുള്ള മാധ്യമമായി ഇംഗ്ലിഷിനെ തെരഞ്ഞെടുത്താൽ ലോകശ്രദ്ധ പിടിച്ചു പറ്റാൻ കഴിയും.

പഴയ ഭാരതീയ നിരൂപകർ പറഞ്ഞ അർഥത്തിലാണ് ഞാൻ ശക്തി എന്ന പദം പ്രയോഗിച്ചത്.ശക്തി എന്നാൽ സഹജപ്രതിഭ ,അതായത് ഉള്ളിൽ നിന്ന് ഊർന്ന് വരുന്ന ഉയിർത്ത് വരുന്ന പ്രതിഭ.പ്രതിഭാശാലികൾ അവരുടെ മാധ്യമമായി വിദേശഭാഷ തെരഞ്ഞെടുത്താൽ കുറെക്കൂടി വലിയ ഒരു ലോകത്തോട് സംസാരിക്കാൻ കഴിയും.

അന്താരാഷ്ട്ര നിലവാരമുള്ള കവിതകളിൽ കാണുന്നതിനേക്കാൾ ഒരു പടി മേലേയുള്ള ചില സ്പാർക്സ് {sparks] ഞാൻ സന്ദീപിന്റെ കവിതകളിൽ കാണുന്നുണ്ട്.ഞാൻ ആത്മാർഥമായിത്തന്നെയാണിത് പറയുന്നത്.റൊമാന്റിക് കവികളിൽ പലരും ആവിഷ്കരിച്ച സർവഭൂതഹൃദയത്വം എന്ന ധർമം സന്ദീപിന്റെ കവിതകളിൽ ഞാൻ കാണുന്നു.

മഹാഭാഗവതത്തിന്റെ തുടക്കത്തിൽ ഇങ്ങനെ ഒരു ശ്ലോകം കാണാം.

“ യം പ്രവ്രജന്തം അനുപേതം അപേതകൃത്യം

ദ്വൈപായനോ വിരഹകാതര: ആജുഹാവ.

പുത്രേതി തൻമയതയാ തരവോഭിനേദു

തം സർവഭൂതഹൃദയം മുനിം ആനതോസ്മി “

രോമാഞ്ചം ഉണ്ടാക്കുന്ന ഒരു സങ്കൽ‌പ്പമാണിത്. അതായത് തന്റെ മകനായ ശുകൻ ആശ്രമം വെടിഞ്ഞ് തപസ്സു ചെയ്യാനായി, സന്യസിക്കാനായി പുറപ്പെട്ടപ്പോൾ മഹർഷിയായ വ്യാസന് ആ പുത്രദു:ഖം താങ്ങാനായില്ല.അദ്ദേഹം വിരഹകാതരനായി, പുത്രന്റെ വേർപാട് ഓർത്ത് തളർന്ന് അവശനായി എന്നാണിതിന്റെ അർഥം.എന്നിട്ട് വ്യാസൻ സങ്കടത്തോടെ പുത്രാ എന്ന് വിളിച്ചപ്പോൾ മരങ്ങൾ“ ഏ’ എന്ന് വിളി കേട്ടുവത്രെ. വ്യാസാശ്രമത്തിന്റെ ചുറ്റുമുള്ള എല്ലാ ജീവജാലങ്ങളും മകനേ പോലെ മറുപടി നൽകി എന്നാണ് വ്യാഖ്യാനം. മരങ്ങൾ വിളി കേൾക്കുക എന്ന ആശയം ഭാരതീയമാണ്.മനുഷ്യഹൃദയം പ്രപഞ്ചത്തിലുള്ള സർവത്തിലും കാണുക -സർവഭൂതഹൃദയത്വം-ഭാരതീയമാണ്.അതിപ്രാചീനകാലം തൊട്ടേ, വൈദിക സാഹിത്യം തൊട്ടേ ഇത് കാണാം.

'Sheer Echoes of Time' എന്ന സന്ദീപിന്റെ ആദ്യകവിതാസമാഹാരത്തിൽ ഒരു ഇലയും മഞ്ഞുതുള്ളിയും തമ്മിലുള്ള ഒരു സംഭാഷണം ഉണ്ട്.പുലർവേളയിൽ ഉരുകി വീഴുന്നതിന് മുൻപ് ഒരു മഞ്ഞ് തുള്ളിയുടെ അത്യന്തം ആർദ്രമായ വരികൾ ആണവ.ഇലയെ അഛനായും മഞ്ഞുതുള്ളിയെ മകനായും സങ്കൽ‌പ്പിച്ച് കൊണ്ടാണാ കവിത.“മകനേ,ഒരൽ‌പ്പം ചൂടുള്ള ഒരു കാറ്റടിച്ചാലോ സൂര്യരശ്മികളെറ്റാലോ നീയും എന്നെ വിട്ട് പോകും “എന്ന് പറഞ്ഞ് വിലപിക്കയാണ് ഇലയാകുന്ന ഈ അഛൻ.“നാളെ രാത്രി ഒരനിയൻ പിറക്കുമ്പോൾ അഛന്റെ ഈ വിഷമങ്ങൾ വിട്ടൊഴിയും,അഛൻ കരയരുത്’എന്ന് പരഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് മഞ്ഞ് തുള്ളി.“കരയാതിരിക്കുന്നതെങ്ങനെ? നീ തന്നെയാണെന്റെ കണ്ണുനീർ,ഓരോ രാത്രി മാത്രം ജീവിയ്ക്കുന്ന മക്കൾ മാത്രമേ എനിക്ക് വിധിച്ചിട്ടുള്ളൂ”എന്ന് അച്ഛൻ മറുപടി നൽകുന്നു.അപ്പോൾ പിച്ച വെച്ച് തുടങ്ങിയ ഒരു പിഞ്ചുപൈതൽ അവിടെക്ക് വന്നു..ആ മഞ്ഞുതുള്ളിയെ അത്യന്തം ആഹ്ലാദത്തോടെ തന്റെ ഉള്ളം കൈയിലെടുത്തു.ആ കുട്ടിയുടെ നറുപുഞ്ചിരിയിൽ ഇലയാകുന്ന അഛന്റെ വിഷമങ്ങൾ അലിഞ്ഞു പോകുന്നതായി സന്ദീപ് എഴുതീട്ടുണ്ട്.

ഈ ചിന്താധാര പിന്നീട് നാം കാണുന്നത് റൊമാന്റിക് കവികളിലാണ്.

.

William Blake - Auguries of Innocence

To see a world in a grain of sand,
And a heaven in a wild flower,
Hold infinity in the palm of your hand,
And eternity in an hour. ...

PB Shelley - Adonais

... That Light whose smile kindles the Universe,
That Beauty in which all things work and move,
That Benediction which the eclipsing Curse
Of birth can quench not, that sustaining Love
Which through the web of being blindly wove
By man and beast and earth and air and sea,
... Consuming the last clouds of cold mortality. ...

William Wordsworth - Composed a Few Miles Above Tintern Abbey, on Revisiting the Banks of the Wye During a Tour,
July 13, 1798

..... that serene and blessed mood,
In which the affections gently lead us on,--
Until, the breath of this corporeal frame
And even the motion of our human blood
Almost suspended, we are laid asleep
In body, and become a living soul:
While with an eye made quiet by the power
Of harmony, and the deep power of joy,
We see into the life of things. ...

ഷെല്ലി.വെർഡ്സ് വർത്,ബ്ലേയ്ക്ക് തുടങ്ങിയ കാൽ‌പ്പനികകവികളിൽ ഇത് കാണാം എന്നതിന് ഈ വരികൾ തന്നെ സാക്ഷ്യം.ഓമർഖയാം എന്ന പാരസികകവിയും അത്തരക്കാരനായിരുന്നു.ലോകത്തിലെ കവികളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ ഭൂസ്ഥിതിപരമായ അതിർ വരമ്പൊന്നുമില്ല.ലൊകത്തിലെ ഏത് കവിക്കും സസ്യം എന്നോ മണ്ണ് എന്നൊ പക്ഷി മൃഗം പൂവ് എന്നൊ വ്യത്യാസമില്ല.എല്ലാറ്റിലും മനുഷ്യചൈതന്യം അയാൾ ദർശിക്കും.ആരാ എഴുതിയത്,ഏത് വർഗ്ഗക്കാർ എന്ന ചൊദ്യവും ഉയരില്ല.ഒരു ഫിർ മരത്തിലും ഉള്ളം കയ്യിലും മനുഷ്യനെ കാണാൻ കവിയ്ക്ക് കഴിയും

സന്ദീപിന്റെ പുതിയ പുസ്തകത്തിലെ ആദ്യകവിതയിൽ തന്നെ നിളയേ അമ്മയായും അതിന്റെ തീരത്ത് വളരുന്ന വെള്ളപ്പൂവുകളുള്ള വലിയ പുല്ലുകളെ മക്കളായും സങ്കൽ‌പ്പിക്കുന്ന ഒരു ഭാഗമുണ്ട് .കാറ്റടിക്കുമ്പോൾ ഈ പുല്ലുകൾ പതുക്കെ തലകുനിക്കുന്നത് മുതിർന്നവരെ ബഹുമാനിക്കാൻ അമ്മയായ പുഴ മക്കളെ പഠിപ്പിച്ചതു കൊണ്ടാണെന്നു സന്ദീപ് ഇതിൽ പറയുന്നു. ഈ പുസ്തകത്തിൽ തന്നെയുള്ള മറ്റൊരു കവിതയിൽ ഒരു ചുള്ളിക്കമ്പ് തന്റെ കഥ പറയുന്ന ഒരു രംഗം ഉണ്ട്.ഇങ്ങനെ ഇലയിലും മഞ്ഞുതുള്ളിയിലും പുഴയിലും പുല്ലിലും വെറുമൊരു ചുള്ളിക്കമ്പിലും വരെ ജീവന്റെ തുടിപ്പ് കാണുന്ന ഈ ഭാവന ,മറ്റു പല പാശ്ചാത്യ കവികളിലും നമ്മുടെ തന്നെ വ്യാസനും ടാഗോറിനും ഉള്ളതായി ഞാൻ മുൻപ് പറഞ്ഞല്ലൊ.അവരെല്ലാം കാണിച്ചു തന്ന സർവഭൂത ഹൃദയത്വം എന്ന ധർമ്മമാണ്.

സന്ദീപിന്റെ ആദ്യ പുസ്തകംSheer echoes of timeഎന്റെ ഉള്ളിൽ മുഴുവനായും ഉണ്ട്.ഈ പുസ്തകം മുഴുവൻ നന്നായി വായിച്ചു എന്ന് ഞാൻ പറയുന്നില്ല. പക്ഷെ ഒരു വറ്റ് നോക്കിയാൽ വേവു അറിയും പൊലെ സന്ദീപിന്റെ പ്രതിഭ എനിക്ക് തൊട്ടറിയാം.ഒരു ശാസ്ത്രജ്ഞൻ കവിയാകുന്നത് സ്വാഗതാർഹമാ‍ണ്.ശാസ്ത്രം പഠിക്കുന്തോറും കവിത കൈ വിട്ട പലരേയും എനിക്ക് നേരിട്ടറിയാം.സന്ദീപ് അങ്ങിനെയാവില്ല എന്ന് ഞാൻ കരുതുന്നു.എല്ലാ പുരസ്കാരങ്ങളും നോബൽ സമ്മാനം തന്നെയും കിട്ടട്ടെ എന്ന് ഒരമ്മയേ പോലെ ഞാൻ ആശംസിക്കുന്നു.

=====================================

സന്ദീപ് കാളത്തിമേയ്ക്കാടിന്റെ ഇംഗ്ലിഷ് കവിതാസമാഹാരം പ്രസിദ്ധീകരിച്ചത് ഗ്രീൻ ബുക്ക്സ് ആണ്.

.

സന്ദീപ് ഇപ്പോൾ ബെൽജിയത്തിൽ ഘെന്റ് സർവകലാശാലയിൽ പി എഛ് ഡി ഗവേഷണം നടത്തുന്നു.പ്രകാശശാസ്ത്രമാണ് വിഷയം.

പാവങ്ങൾ എന്ന ക്ലാസിക്ക്

published in smart family magazine

വിക്ടർ യൂഗോയുടെ പാവങ്ങൾ മലയാളഗദ്യത്തെ പരിപോഷിപ്പിച്ചത് വികാരവിചാരങ്ങളെ രണ്ടു തരം ആഴത്തിൽ അടയാളപ്പെടുത്തിയതിനാലാണ്.പത്താം ക്ലാസ്സ് പരീക്ഷയൊഴിവിൽ അത് വായിച്ചപ്പോളുണ്ടായ അത്ഭുതാഹ്ലാദങ്ങൾ ഇപ്പോഴും ഉള്ളത് ക്ലാസിക്കുകളുടെ ഗരിമ കാരണമാവാം..ഡിയിലെ മെത്രാനും ഴാങ് വാൽ ഴാങ്ങും കണ്ടുമുട്ടുന്ന രംഗം മനുഷ്യമഹത്വത്തെ സാക്ഷ്യപ്പെടുത്തുന്നു.ജയിൽ‌പ്പുള്ളിയായ കാരണം എവിടെയും സ്ഥലം കിട്ടാതെ മെത്രാനെ കാണാൻ വരുന്ന ഴാങ്ങിനോട് “എനിക്കറിയാം നിങ്ങളുടെ പേർ സഹോദരൻ എന്നാണ് “ എന്ന് മെത്രാൻ പറയുന്നത് എത്ര തവണ വായിച്ചാലും ഞാൻ കോരിത്തരിക്കാറുണ്ട്.ഡിയിലെ മെത്രാൻ കാലം ചെയ്തപ്പോൾ അപ്പോൾ എം പട്ടണത്തിലെ മേയർ ആയിരുന്ന മദലിയൻ എന്ന പേരിൽ അന്ന് അറിയപ്പെട്ട ഴാങ് ദീക്ഷയെടുത്തത് എന്നെ അൽഭുതപ്പെടുത്തിയില്ല.,പക്ഷേ ആ പേജ് വീണ്ടും വീണ്ടും വായിക്കുമ്പോൾ സൂര്യനുദിക്കും പോലെ തോന്നി.

തെനാർദിയർസ്ത്രീയുടെ ആവശ്യപ്രകാരം നിറഞ്ഞ ഇരുട്ടിൽ കൊസെത്ത് എന്ന വാനമ്പാടിപ്പക്ഷി ഒറ്റക്ക് വെള്ളമെടുക്കാൻ പോവുമ്പോൾ അവളുടെ പേടിച്ചരണ്ട കാൽ വെപ്പുകൾ,നിശാസം,ദൂരെ തിളങ്ങുന്ന നക്ഷത്രം,പെട്ടെന്ന് വെള്ളത്തൊട്ടിയുടെ കനം കൊണ്ട് പൊട്ടാറായ അവളുടെ കൈയ്ക്ക് ആശ്വാസം നൽകി ഒരു ഉറപ്പുള്ള കൈ അത് ചുമക്കുന്നത്.. ഇതെല്ലാം കണ്ണടച്ചാലും കാണാം.കൊസെത്തിന് അയാൾ, ഫാദർ മദലിയൻ , വിലപ്പെട്ട ഒരു പാവക്കുട്ടിയെ സമ്മാനിച്ചപ്പോൾ അത് തൊട്ടാൽ അതിൽ നിന്ന് തീപ്പൊരി പാറ്റി ഇടിമിന്നൽ പുറപ്പെടും എന്നവൾ പേടിച്ചു.കൊസെത്തും ഴാങ് എന്ന മദലിയനും തമ്മിൽ ഉണ്ടാകുന്ന മകൾ അഛൻ ബന്ധം ഇതിലെ ഒരു അലിവരുവിയാണ്.സിസ്റ്റർ സിമ്പ്ലീസിന്റെ ഒരേ ഒരു നുണ,താൻ തണ്ടുവലിശ്ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയാണെന്ന് കോടതിയിൽ മേയർ മദലിയൻ ഏറ്റ് പറയുന്ന രംഗംപാവങ്ങളിലെ ഏതു രംഗവും വൈകാരികാഘാതം നൽകി മനുഷ്യമനസ്സിന്റെ നന്മയിലേയ്ക്കുള്ള സാധ്യതകളെ കാണിച്ചു തരും.അതു കൊണ്ട് ഈ നൂറ്റാണ്ടിൽ ഏറ്റവും വായിക്കപ്പെടെണ്ട കൃതി ഇതാണെന്ന് ഞാൻ കരുതുന്നു.

ചരിത്രപരമായ വിശകലനം,ചർച്ച എന്നിവ അത്യാവശ്യമല്ല എന്നുള്ളവർക്ക് അത്തരം അദ്ധ്യായങ്ങൾ മാറ്റിയും വായിക്കാം.അല്ലെങ്കിൽ രണ്ടാം വായനയിൽ അത് മുഴുവനായി വായിക്കാം.നാലാപ്പാട്ട് നാരായണമേനോന്റെ മൊഴിമാറ്റം മാത്രമെ ഞാൻ വായിച്ചിട്ടുള്ളൂ. അത് ഏത് മലയാളിയും വായിച്ചിരിക്കേണ്ടതാണ്.

ദാരിദ്ര്യം ,സ്ത്രീകൾക്ക് വിശപ്പു മൂലമുണ്ടാകുന്ന മാനഹാനി,കുട്ടികൾക്ക് അറിവില്ലായ്മയാൽ നേരിടുന്ന വളർച്ചക്കേട് ഇവ മനുഷ്യസമൂഹത്തിൽ ഉള്ളിടത്തൊളം കാലം ഈ ഗ്രന്ഥം പ്രസക്തമാണെന്ന് യൂഗോ പറയുന്നത് ശരിയാണ്.എന്നും പ്രസക്തം ഇത്.ചരിത്രം നിർമിച്ച കണ്ണീർ,ചോര,ഹിംസ,കൊതി,യുദ്ധം,മൂല്യം എന്ന് കരുതുന്ന മനുഷ്യവിരുദ്ധനിയമങ്ങൾ കൂടെ സ് നെഹവും നന്മയും.അതാണ് പാവങ്ങൾ.നന്മ സാധ്യമാണെന്ന് ഉറപ്പിച്ച് പറയുന്ന ഒരു കൃതി.

വി എം ഗിരിജ

MADYAM KERALASAMOOHAM

PUBLISHED IN AKAM MAASIKA

മദ്യം ദൈവം പോലെ സർവശക്തനും

സർവവ്യാപിയും

മദ്യപാനം എന്ന പ്രതിഭാസത്തിന്റെ ഗ്രാഫ് രാവിലെ ഡ്യൂട്ടിസമയത്താണ് എന്റെ ഉള്ളിൽ പ്രത്യക്ഷപ്പെടുക.ഞാൻ ആകാശവാണി കൊച്ചി എഫ് എം നിലയത്തിൽ അനൌൺസർ ആണ്.എഫ് എം ഡയറി എന്ന പരിപാടിയിൽ ട്രാഫിക്ക് ന്യൂസ് ഉണ്ട്.കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ നടന്ന അപകടങ്ങൾ വിശെഷങ്ങൾ ഇവ സിറ്റി ട്രാഫിക്ക് കണ്ട്രോൾ റൂം അറിയിക്കും .മദ്യപിച്ച് വാഹനമോടിച്ചതിനു 32 പേരെ ,അശ്രദ്ധമായി വാഹനമോടിച്ചതിനു 23 പേരെഎന്ന തരത്തിലാണത് വരിക.മുൻപ് ഞായർ വരുമ്പോഴൊ ഒഴിവു വരുമ്പോഴൊ ആണ് മദ്യപിച്ച കണക്ക് -സംഖ്യ-അധികമാവുക.ഇപ്പോൾ കൊച്ചിക്കാർക്ക് അത്ര കൊച്ചാവാൻ ഇഷ്ടമില്ല .എല്ലാ ദിവസവും കൊച്ചി റോഡുകളിൽ മദ്യപന്മാർ കാറോടിക്കുന്നു..ഇത് കേവലം സിറ്റി അതിർത്തിക്കകത്ത് മാത്രം അതും പിടിക്കപ്പെട്ട കേസുകൾ.

എന്നാൽ മദ്യപാനത്തിന്റെ കണക്കുകൾ ഇവിടെ ഒതുങ്ങുന്നില്ല.ഓണം,കൃസ്ത് മസ്സ് തുടങ്ങിയ ആഘോഷവേളകളിൽ ഒഴുക്കുന്ന കോടികൾ മാധ്യമ പ്രവർത്തകർക്ക്കാണാപ്പാഠമാണ്.വികസനപദ്ധതികളിലൂടെ വീട് നഷ്ടപ്പെട്ട പാവങ്ങൾ തെരുവിൽ ഓണം ആഘോഷിക്കുന്നവർ ഇവർക്ക് ഈ പണം ലഭിച്ചിരുന്നെങ്കിൽ?!അങ്ങനെ ആലോചിക്കുന്ന കാലം കഴിഞ്ഞു.

കേരളത്തിലെ ഈ മദ്യസാന്നിധ്യം ഇന്ന് സാമൂഹ്യരോഗമായിരിക്കുന്നു.എയിഡ്സിനേക്കാളും വലുത്.എല്ലായിടത്തും എന്നും എപ്പോഴും അതുണ്ട്.പല പല സങ്കീർണ്ണതകൾ ഉള്ള ഒരു വിഷവലയാണത്.മധ്യവർത്തികൾ,ശമ്പളം വാങ്ങി ജീവിക്കുന്നവർ എന്നിവർക്ക് സാമ്പത്തിക സ്ഥിതി മെചചപ്പെട്ടു. അതൊടൊപ്പം ആദർശങ്ങൾക്ക് മങ്ങലേറ്റു.ഖദർ,ലളിതജീവിതം,ആഡംബരത്തോട് വെറുപ്പ് എന്നിവ അപഹസിക്കപ്പെടേണ്ടതായി.വ്യക്തിയുടെ സുഖം എന്ന സങ്കൽ‌പ്പം പച്ചപിടിച്ചു.ആ സുഖം പണം കൊടുത്തു വാങ്ങാൻ പറ്റും എന്ന നിലപാട് ശക്തമായി.അപ്പൊഴാണ് മദ്യം എന്ന സുഖം ആളുകൾ ഏറ്റെടുത്തത്.

ആദർശങ്ങൾ അപഹാസ്യമായതിന്റെ കൂട്ടത്തിൽ മദ്യത്തോടുള്ള പേടിയും വെറുപ്പും നീങ്ങിക്കിട്ടി.എന്റെ കുട്ടിക്കാലത്ത് കള്ളുകുടിയൻ എന്ന പദം ഉണ്ടാക്കിയിരുന്ന പേടി ,വെറുപ്പ്,ജുഗുപ്സ ഇവ അവർണ്ണനീയമാണ്.കള്ള് കുടിച്ചിരുന്ന പണിക്കാരും മറ്റും അവരുടെ ക്ഷീണം മാറ്റാൻ അൽ‌പ്പം കഴിച്ചിരുന്നവരായിരുന്നുവൊ?

ആകെ കൂടെ ഞാൻ കണ്ടിരുന്ന ഒരു കുടിയൻ ചാമി ആണ്.പണിയുടെ കാര്യത്തിൽ ഒരു പെർഫക്ഷണിസ്റ്റ് ആയിരുന്നു ചാമി.കൂലി മുഴുവൻ കുടിച്ച് കളയുന്നു എന്ന പരാതി ഉണ്ടായിരുന്നു.എന്നാൽ മണ്ണും ചാമിയും തമ്മിൽ ഗാഢസ് നേഹമായിരുന്നു.അതവിടെ നിൽക്കട്ടെ.കോളജിലും “ആ കുട്ടി കള്ളു കുടിക്കുംത്രേ “എന്ന ചില പിറുപിറുപ്പുകൾ ഉണ്ടായിരുന്നു എന്നല്ലാതെ കള്ള് എന്ന ഒരു വസ്തു കാണുന്നില്ല.ആ കാലത്തിന്റെ കണ്ണിൽ മദ്യപാനം ഏറ്റവും വലിയ ദുശ്ശീലമായിരുന്നുകാലം മാറി.കൊച്ചിയിൽ വന്നതിൽ പിന്നെ മദ്യം അൽഭുതമല്ലാതായി.മദ്യങ്ങളുടെ പല പല പേരുകൾ കേട്ടു. പിന്നെ മദ്യപാനികൾ എന്ന ലേബലിനോടുള്ള പേടി വിട്ടു,പല പല തട്ടിലുള്ള മദ്യപാനികളെ പരിചയമായി.മുൻപ് വീട്ടിനകത്ത് മദ്യക്കുപ്പി കാണുക സിനിമയിൽ വില്ലന്മാരുടെ വീട്ടിലായിരുന്നു.ഇപ്പോൾ അത് ഒരു സാധാരണസാന്നിധ്യമായി.കോടികൾ മദ്യത്തിന്റെ പേരിൽ ഒഴുകുന്നു.വ്യക്തിയുടെ സുഖം സന്തോഷം ആഘോഷം ആനന്ദം ..പ്രത്യെകിചും പുരുഷന്മാരുടെ സുഖം മദ്യം എന്നായി.

സാമൂഹ്യപ്രതിബദ്ധത, വായനശാലകൾ,ഫിലിം സൊസൈറ്റി പ്രവർത്തനം,രാഷ്ട്രീയപ്പാർട്ടികൾ തുടങ്ങി ചെറുപ്പക്കാരെ ഉത്തേജിപ്പിച്ചിരുന്ന പലതും അപ്രത്യക്ഷമായതിന്റെ ഫലമല്ലെ ഇതു?വൈകുന്നേരം ചെയ്യാനുള്ള ഒരേ ഒരു കാര്യമായി മദ്യപാനം.നൊസ്റ്റാൾജിയ എന്ന ഇത്തിൾക്കണ്ണിയുമതോടൊപ്പം പടർന്നു പന്തലിച്ചു.

ഏത് കച്ചവടത്തിന്റെയും പെൺ വാണിഭത്തിന്റെയും നയരൂപീകരണതിന്റെയും ഒപ്പം മദ്യം ഉണ്ട്. കൊട്ടേഷൻ പാർട്ടിയിലും മാഫിയാ സംഘത്തിലും അതുണ്ട്.ഹർത്താലും സമരവും എന്നാൽ മദ്യവും ചിക്കനുമാണ്. സാഹിത്യ സമ്മേളനങ്ങൾ,ഫിലിം ഫെസ്റ്റിവലുകൾ,സിനിമാചർച്ച, ചിത്രശിൽ‌പ്പപ്രദർശനം ..എവിടെയും മദ്യം ആണ് ആതിഥേയനും മുഖ്യാതിഥിയും.രാഷ്ടീയക്കാരായിരിക്കാം പൊതുവേദിയിൽ മദ്യപിച്ച് കാണപ്പെടാൻ മടിക്കുന്ന ഒരേ ഒരു സമൂഹം.എല്ലാ പ്രധാന ഉടമ്പടികളും മദ്യത്തോടൊപ്പമാണ് സംഭവിക്കുന്നത്. സർക്കാർ തന്നെ മദ്യവകുപ്പും മദ്യമന്ത്രിമാരുമായി മദ്യം ഉണ്ടാക്കുന്നു വിൽക്കുന്നു,പ്രോത്സാഹിപ്പിക്കുന്നു,വരുമാനമുണ്ടാക്കുന്നു .എന്നാൽ സിനിമയിൽ മദ്യപാനരംഗം കാണിക്കരുത്,സെൻസർഷിപ്പ് ഉണ്ട്..മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന ലേബലും വേണം.എന്തൊരു വൈരുദ്ധ്യവും നുണകളുമാണ് സർക്കാർനയത്തിൽ.

ശരാശരി 14 വയസ്സിലാണത്രെ ഒരു ആൺകുട്ടി ആദ്യമായി ഇന്ന് കേരളത്തിൽ മദ്യപിക്കുന്നത്.അതായത് ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ !വെറും സ്റ്റാറ്റിസ്റ്റിക്സ് എന്ന് പറഞ്ഞ് പുഛിച്ച് തള്ളരുത്.നമ്മുടെ കുട്ടികൾക്ക് നാമാണല്ലൊ മാതൃകകൾ. വീര്യമില്ലാത്ത ബിയറുകൾ , സ്വൽ‌പ്പം വീര്യമാത്രകൾ കൂട്ടുന്ന ബിയറുകൾ അങ്ങനെ കുട്ടികൾക്കും സ്ത്രീകൾക്കുമായി മദ്യക്കമ്പനികൾ തങ്ങൾക്ക് പറ്റാവുന്ന വിധം “സൌഹൃദാന്തരീക്ഷം”നിർമ്മിക്കുന്നണ്ട്.catch them young എന്ന സർക്കാർ മുദ്രാവാക്യം അവർ ശ്രദ്ധിചില്ലെന്ന് ആർക്കും കുറ്റപ്പെടുത്താൻ പറ്റില്ല.

സ്ത്രീകളുടെ മദ്യപാനവും സാമൂഹികാംഗീകാരം പതുക്കെ നേടുന്നു.തുല്യത മറ്റൊന്നിലും ഇല്ലെംകിലും മദ്യത്തിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് പെട്ടെന്ന് നേടിയെടുക്കാൻ പറ്റും.കാരണം സ്ത്രീകൾ വളരെ“ പൊട്ടെൻഷ്യൽ“ ഉള്ള ഒരു കൺസ്യൂമർ വിഭാഗം ആണല്ലൊ.സിഗററ്റ്,മദ്യം,മയക്ക്മരുന്ന് എന്നിവ സ്ത്രീകൾക്കിടയിൽ പ്രാബല്യത്തിലായാൽ കൊയ്യാവുന്ന കോടികൾ കണക്കിലെടുത്താൽ ആരോഗ്യം വീട് ജോലിസ്ഥലം കുട്ടികളെ നോക്കൽ അനന്തരതലമുറയുടെ ആരോഗ്യം മാനസികസുസ്ഥിതി തുടങ്ങിയ നിസ്സാരപ്രശ്നങ്ങളെ കണക്കിലെടുക്കേണ്ടതുണ്ടോ?

പണം കൊണ്ട് വാങ്ങാവുന്ന സുഖങ്ങൾ അധികമായിട്ടും സുഖം കിട്ടുന്നില്ല എന്നത് നാം കാര്യമാക്കുന്നില്ല .സുഖം അനുഭവിക്കുന്നത് ഉടൽ കൊണ്ട് മാത്രമാവുമ്പോൾ അതിന് പരിധി ഉണ്ട്.

“നിഴലിൻ വഴി പൈതൽ പോലെ ഭോഗങ്ങൾക്ക് പിൻപെ പോയുഴലുക“ എന്നതാണൊ ഇതിന്റെ പിന്നിലെ മനശ്ശാസ്ത്രം?കേരളീയരുടെ മദ്യപാനം സർഗ്ഗാത്മകമല്ല വിനാശകരവും ആർത്തി പിടിച്ചതുമാണെന്ന് എന്റെ ഒരാത്മസുഹൃത്ത് പരാതിപ്പെടാറുണ്ട്.നിങ്ങൾ ഗോവയിലേക്ക് വരുഅവർ പതുക്കേ ആസ്വദിച്ച് അൽ‌പ്പം കഴിക്കുന്നത് കാണൂ എന്നും പറയും.

കേരളത്തിൽ ഹിംസാത്മകമാണ് മദ്യപാനം.നല്ല വികാരവിചാരങ്ങളല്ല അത് ഉണർത്തി വിടുന്നത്.രതി മദ്യം പണം എന്നിവയൊന്നും സർഗ്ഗാത്മകമായി പ്രവർത്തിക്കാത്ത സമൂഹമാണ് നമ്മൾ.മദ്യപാനം ഇന്ന് വീട്ട് മുറ്റത്തോ കോലായിലോ കാരണവരേ പോലെ ഇരിക്കുന്നുഅട്ടഹസിച്ച് ചിരിക്കുന്നു.രാത്രിബസ്സുകളിൽ കുഴഞ്ഞ നാവും തീക്ഷ്ണഗന്ധവുമായി സ്ത്രീകളെ അസ്വസ്ഥരാക്കുന്നു.സർക്കാർ ചാനലുകൾ അല്ലാത്തവ എല്ലാം മദ്യപരസ്യം സ്വീകരിക്കുന്നു.

ദൈവമെതത്വത്തിൽ ആരൊക്കെയാണ് മദ്യത്തിനു എതിരല്ലാത്തത്?അമ്പലങ്ങൾ,പള്ളികൾ,മതങ്ങൾ,മതസംഘടനകൾ.വീട്ടമ്മമാർ,അദ്ധ്യാപകർ……എസ് എൻ ഡി പി പോലും.എന്നാൽ പിന്നെ ആരു കുടിച്ചിട്ടാണ് ഈ മദ്യമത്രയും കോടിക്കണക്കിനു വിപണി കണ്ടെത്തുന്നത്?

വൈലോപ്പിള്ളിയുടെ കുടിയൊഴിക്കലിലിലെ തൊഴിലാളി കുടിക്കുന്നത് “ദുഷ്പ്രഭുപ്പുലയാടികൾ പാർക്കും

ഇപ്പുരയ്ക്കിടി വെട്ട് കൊള്ളട്ടേ’ തുടങ്ങിയ സത്യങ്ങൾ പറയാനാണ്. പണ്ട് അൽ‌പ്പം “കഴിച്ച്”പാട്ട് പാടിയും കുട്ടികൾക്ക് കഥകൾ പറഞ്ഞും സന്തോഷം പകർന്നിരുന്ന അത്തരം നല്ല മദ്യപരുടെ കഥകളല്ല ഇന്നത്തെ കഥ. ഇന്ന് രോഗം പോലെയോ ദൈവം പോലെയൊ സർവവ്യാ‍പിയായ സർവശക്തനായ ഒരു സാന്നിധ്യമാണ് മദ്യം.

നാം ആലോചിച്ച് വെച്ച ഒരു പാട് ന്യായീകരണങ്ങൾ ഉണ്ടാവും.എത്ര പഴക്കമുള്ള ഒരു ശീലമാണിത്.,എത്ര കലാകാരന്മാരും പ്രമുഖരും മദ്യപിച്ചിരുന്നു,നാമായിട്ട് ഇതിനേ തടയാൻ പറ്റുമൊ?എത്ര പ്രാചീനദ്രാവകം..എത്ര രാജ്യങ്ങളുടെ സമ്പത്ത് ..മദ്യപ്രിയാ മദോന്മത്താ എന്നൊക്കെ ദേവിയേ നാം വിശെഷിപ്പിക്കാറില്ലെ?അങ്ങനെ അങ്ങനെ.നമുക്ക് പ്രിയപ്പെട്ട പലരും നാം തന്നെയും മദ്യപിച്ചിട്ടുള്ളവരാ‍യിരിക്കാം ..എന്നിട്ട് എന്തെംകിലും പറ്റിയൊ?വേറെ എന്തൊക്കെ ഉണ്ട് വെറുക്കപ്പെടാനും എതിർക്കപ്പെടാനും? ഇങ്ങനെ എതിർപ്പുകളെ നീട്ടി വെച്ച് തണുപ്പിക്കുകയാണല്ലൊ ഒരു രീതി.

ഇനി അത് പറ്റില്ല.ഈ സാമൂഹ്യരോഗം അതിന്റെ കാരണമായ സുഖവാഞ്ഛ ,വ്യക്തിസുഖം ഒറ്റപ്പെട്ട് നിൽക്കുന്ന എന്തോ തുരുത്താണെന്ന സാമൂഹികതയിൽ നിന്ന് വിട്ട വീക്ഷണം ഇവ മായ്ക്കണം . മദ്യത്തിനടിപ്പെട്ട സമൂഹം എന്നാൽ രോഗാതുരമായ സമൂഹം.ഭാവി മരണം മാത്രമായ സമൂഹം.

വി എം ഗിരിജ

THE STUDY OF MADHAVIKKUTTIS NOVELETTE

PUBLISHED IN GARGI WOMENS MAGAZINE

കടൽമയൂരത്തിന്റെ നൃത്തം

മാധവിക്കുട്ടി മൂല്യവിചാരണ ചെയ്തിരുന്നത് ജീവിതത്തിന്റെ ഉള്ളിൽ വെച്ചാണെന്ന് തോന്നിക്കുന്ന ഒരു നീണ്ടകഥയാണ് കടൽമയൂരം.അതിലെ നായിക ശരിക്കും താൻ അടുത്ത അറിയുന്ന ഒരാളാണെന്ന് എന്നോട് ഒരിക്കൽ മാധവിക്കുട്ടി പറഞ്ഞു.നോട്ട്കൾ എഴുതിവെക്കാമായിരുന്നുഞാൻ ഇന്നാ പേരു ഓർക്കുന്നെ ഇല്ല.പേരിനു പ്രസക്തി ഉണ്ടായിട്ടല്ല..അവരുടെ മനസ്സ് സഞ്ചരിക്കുന്ന വഴികൾ അറിയാമായിരുന്നല്ലോ എന്ന് മാത്രം.

അവിവാഹിതയായ വൃദ്ധകന്യക പ്രൊഫ. രേണുകാദേവി തിരുവനന്തപുരത്തെ സദാചാരസംരക്ഷകരിൽ മുന്നണിപ്പോരാളിയാണ്.അവർ സുന്ദരിയായിരുന്നു.പിന്നീട് അങ്ങനെയല്ലാതായി.യുവതിയായിരുന്നു പിന്നീടങ്ങനെയല്ലാതായി.! [ഇത് എഴുത്തുകാരിയുടെ തന്നെ വാക്കുകൾ]സമ്പത്ത് സൌന്ദര്യം വിദ്യാഭ്യാസം എല്ലാം തികഞ്ഞിട്ടും അവർ വിവാഹം കഴിക്കാൻ കൂട്ടാക്കിയില്ല.സാമ്പത്തികശാസ്ത്രജ്ഞയും പ്രൊഫസ്സറും ആയിരുന്ന അവർ തനിക്ക് ബഹുമാനിക്കാൻ കഴിയുന്ന ബുദ്ധിശക്തിയുള്ള ഒരാളെ മാത്രമേ വിവാഹം കഴിക്കൂ എന്നാലോചിച്ച് ഉറപ്പിച്ചു അഛനോടത് പറഞ്ഞ് ജയിച്ച് നിന്നു.വിവാഹം നടന്നില്ല.വീട്ടിലെ ചെടികളെ നനച്ചും സമൂഹത്തിനേ നേർവഴി നടത്തിയും ജീവിച്ചു.ആദ്യത്തെ നരച്ച മുടി പ്രത്യക്ഷപ്പെട്ടപ്പോൾ അവർ വിചാരിച്ചു..കവിൾത്തടങ്ങളുടെ മിനുപ്പും തൊലിയുടെ മൃദുലതയും മങ്ങിയിട്ടില്ല. ഇളം നിറങ്ങൾ ,അല്ലെങ്കിൽ ആകാശനീല മയിൽ‌പ്പീലിനീല കടൽനീല എന്നീ നിറങ്ങളുള്ള പട്ട് സാരികൾ മാത്രമായിരുന്നു അവളുടെ ഒരേ ഒരു ദൌർബല്യം![അവർ എന്ന വിശേഷണം പട്ട് സാരിയുടെ കാര്യം വന്നപ്പോൾ അവൾ എന്നായത് യാദൃഛികമല്ല അല്ലെ?] പുതുവസ്ത്രങ്ങളുടെ മണം രേണുകയെ മത്തുപിടിപ്പിക്കും.വീഞ്ഞു കുടിച്ചാലെന്ന പോലത്തെ ഒരു ലഹരി അവർ അനുഭവിക്കും എന്ന് മാ‍ധവിക്കുട്ടി എഴുതിയിരിക്കുന്നു.മാംസളമല്ലാത്ത കവിളിൽ ചന്ദനനിറമുള്ള ഒരു പൌഡർ തിരുമ്മുന്നത് മാത്രമായിരുന്നു അവരുടെ ഒരേ ഒരു സൌന്ദര്യപരിചരണം.ശരീരത്തെ അവർ വകവെച്ചില്ല എന്നല്ല വെറുത്തു.ലൈംഗികകൃത്യം അന്തസ്സില്ലാത്ത ഒന്നാണെന്നും തന്റെ നഗ്നമേനി ചിതാഗ്നിജ്വാലകൾ മാത്രമേ കാണൂ എന്നും അവർ വിചാരിച്ചുറച്ചു,

രക്തസമ്മർദ്ദം,ഷുഗർ , ഹൃദ്രോഗം എന്നിവയെല്ലാം ഈ വൃദ്ധകന്യകയെ കാർന്നുതിന്നു തുടങ്ങിയിരിക്കുന്നു.അപ്പോളാണ് സിംഗപ്പൂർക്കുള്ള ഒരു ക്ഷണം കിട്ടിയത്.ലോകപ്രശസ്തരായ സാമ്പത്തികവിദഗ് ധർ പങ്കെടുക്കുന്ന ഒരു സെമിനാറിൽ ഭാരതത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ! ശിവ എന്ന പ്രിയമകൾ [അനുജത്തിയുടെ മകൾ]മാത്രം വലിയമ്മ ഇത്ര ദൂരത്തെക്ക് ഒറ്റക്ക് പോവുന്നത് ഇഷ്ടപ്പെട്ടില്ല.പട്ട്സാരികൾ കൊണ്ട് കനം തൂങ്ങിയ വലിയമ്മയുടെ പെട്ടിക്ക് മേൽകേറിനിന്ന് ശിവ വെറുതെ തുള്ളി.എന്നിട്ടും പെട്ടി അടഞ്ഞില്ല! ഭാരം കുറയ്ക്കാൻ രണ്ട് പോളിസ്റ്റർ സാരികൾ എടുത്താൽ മതി എന്ന ശിവയുടെ നിർദേശം രേണുക അംഗീകരിക്കുന്നില്ല.“ഞാൻ പരമ ദരിദ്രയാണെന്ന് മറ്റു രാജ്യക്കാർ വിചാരിക്കും.!“ഒരു ദരിദ്ര രാഷ്ട്രത്തിന്റെ പ്രതിനിധി അങ്ങനെ ഒക്കെ പോരേ എന്ന ശിവയുടെ മറുപടി അവളെ ശുണ്ഠി പിടിപ്പിക്കുന്നു.വി ജെ റ്റി ഹാളിൽ ഗാന്ധിസത്തെ പറ്റി പ്രസംഗിച്ച് കൈയ്യടി നേടും എങ്കിലും ശിവ ലളിതജീവിതം പിന്തുടരുമ്പോൾ പെൺകുട്ടികളുടെ സ്വാഭാവികമായ ചാരുത ഗാന്ധിസം മുരടിപ്പിച്ച് കളയും എന്ന് അവർ ഉള്ളിൽ വിചാരിക്കുന്നും ഉണ്ട്.

വിമാനത്തിൽ വെച്ച് രേണുക പരിചയപ്പെടുന്ന കിംസൂങ് എന്ന മലേഷ്യക്കാരൻ യുവാവ് രേണുകയെ മാറ്റി മറയ്ക്കുന്നു.കൈവശം അധികം ഡോളർ ഇല്ലാത്ത വയസ്സിയായ സുന്ദരിയല്ലാത്ത ഒരാൾ എന്ന് സ്വയം രേണുക വിലയിരുത്തുമ്പോൾ വയസ്സിയായിരിക്കാം പക്ഷെ സുന്ദരിയാണെന്ന് കിം.

സിങ്കപ്പൂരിലെ ഹോട്ടലിൽ അവൾ ബ്യുട്ടിപാർലറിൽ പൊയി നീണ്ടുചുരുണ്ട മുടി കറുപ്പിച്ചു,ഫേഷ്യൽ ചെയ്തു.തിരുവനന്തപുരത്ത് അവൾ ബ്യുട്ടിപാർലർ വിരുദ്ധ സമരം നയിച്ചിരുന്നു..കിം എന്ന യുവാവിനേ കുറിച്ച് ഓർക്കുന്നത് കൊണ്ട് ആത്മനിന്ദയാൽ ചുരുങ്ങി കട്ടിലിൽ കിടന്ന് അവൾ കരഞ്ഞു.പാതിരാത്രി കിം താഴെ റെസ്റ്ററന്റിൽ നിന്ന് ഒരു കാപ്പി കുടിക്കാൻ വിളിക്കുന്നു. രേണുക പിടഞ്ഞെണീട്ട് താഴെക്കോടുന്നു.”ആ നെറ്റി കണ്ടപ്പോൾ അവൾക്ക് ആളെ മനസ്സിലായി.തന്റെ കാലടികൾക്ക് ചിറകുകൾ മുളച്ചുവൊ?’ നീലപ്പട്ടുടുത്ത അവളെ കാണുമ്പോൾ “എനിക്ക് ഒരു മയിലിനെയാണോർമ വരുന്നത്,മയിൽ എന്ന പക്ഷിയേയല്ല മയിൽ പോൽ നീലിച്ച, മയിലുകളിൽ മയിലായ കടലെ എന്ന് നീഷെ വിളിച്ച കടൽമയൂരത്തെ” എന്ന് കിം പറയുന്നു,അയാൾ ഒരു കവിയാണ്.

രേണുക കാപ്പിയിൽ പാൽ ചേർക്കുന്നതിനെ അയാൾ വിമർശിച്ചു.നിങ്ങൾ ഇന്ത്യക്കാർക്ക് ഒന്നിന്റെയും രുചി തനതായി അനുഭവിക്കാനറിയില്ല എന്നയാൾ കുറ്റപ്പെടുത്തുന്നു.കാപ്പിയിൽ തുടങ്ങിയ സംഭാഷണം രതിയിൽ അവസാനിക്കുമ്പോൾ രേണുക നടുങ്ങിപ്പോകുന്നു.താൻ അയാൾക്ക് വഴങ്ങിപ്പോവുമൊ എന്നവൾ പേടിക്കുന്നു.ഇന്ത്യ ഗാന്ധിസം എന്നിവ ചില രൂപകങ്ങൾ ആവുകയാണു രേണുകയുടെ ഹൃദയത്തിൽ.സ്വന്തം ജീവിതത്തിനെ രൂപപ്പെടുത്തിയത് “ഗാന്ധിസമോ ഭാരതീയതയൊ “[അതിന്റെ യാഥാസ്ഥിതിക അർഥത്തിൽ] അല്ല എന്ന് രേണുകയ്ക്ക് മനസ്സിലാവാൻ സാദ്ധ്യമായെക്കാവുന്ന ഒരു നിമിഷമാണത്പക്ഷേ അത് നിരന്തരം മാറ്റിവെയ്ക്കപ്പെടുകയാണല്ലൊ അവളുടെ ജീവിതത്തിൽ.

.സെമിനാറിൽ പേപ്പർ അവതരിപ്പിക്കുമ്പോഴും അവൾ കിമ്മിനെ ഓർത്തു.അയാളൊട് ആകർഷിക്കപ്പെട്ടത് രേണുകയുടെ ഏകാന്തതയാണൊ?നാട്ടിൽ തനിക്ക് വേണ്ടി നാട്ടുകാർ നീട്ടിത്തന്ന ഗുണവതിയായ ആരാധ്യയായ നിത്യ കന്യകയുടെ വേഷം അവൾക്ക് അഴിച്ച് കളയാൻ കഴിയാതിരുന്നതാണോ?അവൾക്ക് കൂട്ട് ആവശ്യമായിരുന്നൊ? അതോ മുൻപു സൂചിപ്പിച്ച മൂല്യങ്ങളെ കുറിച്ചുള്ള ഉൾക്കൊള്ളലില്ലായ്മയോ?

ബാഹ്യസൌന്ദര്യത്തെ നിസ്സാരവൽക്കരിച്ചത് കൊണ്ടാണൊ തനിക്ക് അഴകു കുറഞ്ഞത്??കുഴമ്പിട്ട് തിരുമ്പാനും കൂടി ശ്രദ് ധിക്കാത്ത താൻ.തന്റെ വീട് തുറന്ന ഒരിടമായിരുന്നല്ലോ ഒരു പൊതുപ്രവർത്തകയുടെ വീട്..അതു കൊണ്ട് ഇമേജിനു വിരുദ്ധമായി എങ്ങനെ സൌന്ദര്യസംരക്ഷണം ചെയ്യും? ഇങ്ങനെ എല്ലാം രേണുക ആത്മാപഗ്രഥനം നടത്തുന്നു. ശരീരത്തിന്റെ ഓരോ അണുവും തനിക്ക് വിലപ്പെട്ടതാണു എന്ന് രേണുക തിരിച്ചറിയുന്നു.!

മൂന്നോ നാലോ ദിവസം ആ വൃദ് ധ പുതിയ കാമുകനൊത്ത് ശരീരത്തിന്റെ ആനന്ദം അറിയാൻ ശ്രമിക്കുന്നു “എന്നോട് ദയവു കാണിക്കുക ഞാൻ ചെയ്യുന്നത് എന്താണു എന്ന് എനിക്കറിയുന്നില്ല “ എന്നാണു കിമ്മിന്റെ ആദ്യ ആലിംഗനത്തിനു മുൻപ് രേണുക പറയുന്നത്.“രേണുക കണ്ണുകളടച്ച് തന്റെ യുവകാമുകന്റെ ഇംഗിതങങൾക്ക് വഴങ്ങി.അയാൾക്ക് വേണ്ടി ഒരു രകതസാക്ഷിയുടെ മനോഭാവത്തോടെ വേദന സഹിച്ചു.അപ്പോഴെക്കും സ് നെഹത്തിൽ പെട്ടു പോയ ആ പാവത്തിന് എന്റെ കിം എന്റെ കിം എന്ന് ഉരുവിടാൻ മാത്രമേ കഴിഞ്ഞുള്ളൂ”

പിന്നീട് നശ്വരതയേയും അനശ്വരതയേയും പറ്റിയുള്ള സംവാദങ്ങളാണ് അവർ തമ്മിൽ പ്രേമോക്തികൾക്കിടയിൽ നടക്കുന്നത്.അത് ഭാരതീയ ആനന്ദ സങ്കൽ‌പ്പത്തെ തന്നെ ഇഴപിരിച്ച് അറിയലാണൊ?

“ ഭാവിയായ്കത് ചിതാശവങ്ങളിൽ

പൂവുപോൽ അശുഭനശ്വരങ്ങളിൽ“ എന്ന രേണുകയുടെ പക്ഷമല്ല നശ്വരതയിലെ സൌന്ദര്യം കാണുന്ന കണ്ണാണു കിമ്മിന്റെത്

രേണുക യേശുവിന്റെ രകതസാക്ഷിത്വവുമായി ബന്ധപ്പെട്ട വാക്കുകൾ സംസാരിക്കുന്നതും തുടർന്ന് മാധവിക്കുട്ടി എഴുതിയ“ രേണുക കണ്ണുകളടച്ച് തന്റെ യുവകാമുകന്റെ ഇംഗിതങങൾക്ക് വഴങ്ങി.അയാൾക്ക് വേണ്ടി ഒരു രകതസാക്ഷിയുടെ മനോഭാവത്തോടെ വേദന സഹിച്ചു.അപ്പോഴെക്കും സ് നെഹത്തിൽ പെട്ടു പോയ ആ പാവത്തിന് എന്റെ കിം എന്റെ കിം എന്ന് ഉരുവിടാൻ മാത്രമേ കഴിഞ്ഞുള്ളൂ” എന്ന് മുൻപ് ഉദ്ധരിച്ച വരികളും ചേർത്തു വെച്ചാൽ സമർപ്പണത്തിന്റെ ബലിയുടെ ആനന്ദം മാത്രമാണവൾ അനുഭവിക്കുന്നത് എന്ന് മനസ്സിലാവും.പെൺകിടാങ്ങൾക്ക് പോലും ആദ്യരതി വേദനയാണെങ്കിൽ ഈ വൃദ്ധക്ക് ആ വേദന എങ്ങനെ സഹിക്കാനായി?ഒരു ചെറുപ്പക്കാരനോട് തോന്നിയ കാമമല്ല അത്.കാമരസം അറിയാത്തവളാണല്ലൊ രേണുക.സ്ത്രീക്ക് പുരുഷനോട് ഏറ്റവും അടുക്കാവുന്ന ,സ്വയം ഇല്ലാതായി അലിയാവുന്ന ആ വൈകാരികത,സമർപ്പണം തന്നെയാണോ രേണുകയും തേടിയത്?ആലിലക്കൃഷ്ണനെയാണല്ലൊ അവൾ എന്നും ആശ്രയിച്ചത്.തനിക്ക് ഈ പ്രായത്തിലുള്ള മകൻ ഉണ്ടായേനെ എന്നാണു അവൾ ആദ്യം കിമ്മിനേ കാണുംപ്പോൾ ഓർക്കുന്നത്

വിശുദ്ധകന്യാസ്ത്രീകൾ/മീര/ആണ്ടാൾ തുടങ്ങിയവരെ പോലെ രേണുകയും കൃഷ്ണന്റെ ഭാര്യയായി സ്വയം കണ്ടിരുന്നത് എന്തു കൊണ്ടാവാം?

മിസ്റ്റിസിസം എന്ന് പറയുന്നത് ഈ അവ്യകത സമർപ്പണത്തെ തന്നെയല്ലേ?

ചുരുങ്ങിയ ദിവസങ്ങളിൽ ആ വലിയ കഥ ആടിക്കഴിഞ്ഞു.തിരിച്ച് വരുന്നത് രേണുകയുടെ മൃതദേഹം! കൂടെ ഉള്ള പെട്ടിയിൽ കാണുന്ന അപരിചിതമായ ആൺ വസ്ത്രങ്ങൾ ആശങ്കയോടെ ശിവ എറിഞ്ഞു കളയുമ്പോൾ കഥ തീരുന്നു.

എന്താണീ കഥയുടെ പൊരുൾ?അടിയടരുകൾ?എന്തിനു അവർ മരിചു? കിമ്മോ രേണുകയോ കുറ്റവാളിയായി ചിത്രീകരിക്കപ്പെടുന്നില്ല.അവൾ ആനന്ദം അറിഞ്ഞു മരിച്ചോ അതോ ആനന്ദത്തിന്റെ വ്യർഥതയാണൊ അവർ അനുഭവിച്ചത്?കിം നാലു ദിവസത്തെ ആനന്ദത്തിനായി അവളെ വലയെറിഞ്ഞ് പിടിക്കയായിരുന്നൊ? ആനന്ദിച്ചാലും ഇല്ലെംകിലും അവസാനത്തെ അതിഥി മരണം അല്ലെ?ആത്മാവാണൊ ദേഹമാണൊ വലുത്? സൌന്ദര്യം ആനന്ദം തരുന്ന ഒരുറവയാണോ? രേണുകാദേവിയുടെ സദാചാരം ഒരു പാഴ് വേലയായിരുന്നൊ?

കാമം രതി എന്നിവ പ്രകൃതിയുടെ ഭാഗം ആണെന്നിരിക്കേ അതിനെ നിഷേധിക്കുന്ന ഭാരതതത്വചിന്താധാരയെ കളിയാക്കുകയാണൊ മാധവിക്കുട്ടി?ത്യജിക്കണം ഒന്നും ആസ്വദിക്കരുത്,ഭക്ഷണം രതി എല്ലാം നിലനിൽ‌പ്പിനാവശ്യമെങ്കിൽ മാത്രം മതി എന്ന പാരമ്പര്യത്തെ പുഛിക്കയല്ലെ ഈ നീണ്ട കഥ?സന്താനോൽ‌പ്പാദനത്തിനു മാത്രം രതി എന്ന പ്രകൃതിനിയമം മനുഷ്യർ പാലിയ്ക്കുന്നില്ല.സംസ്കാരം എന്നാൽ രതിയുമായി ബന്ധപ്പെട്ട ഒരു പാട് ഉപകരണങ്ങൾ,ശാസ്ത്രങ്ങൾ,പ്രത്യേകവിഭാഗങ്ങൾ, കലാരൂപങ്ങൾ,നഗ്നത,അശ്ലീലം ,ദാമ്പത്യം, പാതിവ്രത്യം,വയസ്സ്തുടങ്ങി ജാതി ജാതകം സമ്പത്ത് ഇങ്ങനെ ഇങ്ങനെ വലിയ ഒരു വ്യവസ്ഥാരൂപീകരണം കൂടിയാണല്ലോ.അസൂയ പ്രണയം തുടങ്ങിയ വൈകാരികവ്യവസ്ഥ,സൌന്ദര്യം യൌവനം എന്നീ ബേജാറുകൾ,സാഹിത്യം കല എന്നിങ്ങനെ അത് ഇപ്പൊഴും ഓരോ നിമിഷവും പെറ്റ് പെരുകുകയാണ്.

അതോ സ്വന്തം തീരുമാനത്തിൽ ഉറച്ച് നിൽക്കാത്ത ദൌർബല്യം ,തന്റെ ജീവിതത്തിലെ തീരുമാനങ്ങൾ പൊരുൾ അറിയാതെ ,തന്റെ തന്നെ കാപട്യം എന്നറിയാത്ത വിധം കൈക്കൊള്ളേണ്ടി വന്നതിന്റെ നിസ്സഹായത ……..എന്താണു മാധവിക്കുട്ടി പറയുന്നത്?

ശരീരം/മനസ്സ്/തെറ്റ്/ശരി/സ് നെഹം/ അകൽച്ച ഏകാന്തത /ധ്യാനാത്മക ആത്മസമർപ്പണം എന്നിങ്ങനെ മാധവിക്കുട്ടി അപഗ്രഥിക്കാൻ ശ്രമിച്ച ജീവിതസമസ്യ

ഈ കടൽമയൂരം കൊത്തിവിഴുങ്ങിയൊ?

വി എം ഗിരിജ

തണൽ

തൃക്കാ‍ക്കര പോസ്റ്റ്

കൊചിചി 21

tributes to kottakkal sivaraman


published in SUNDAY MANGALAM JULY

കോട്ടക്കൽ ശിവരാമൻ എന്നാൽ കഥകളിപ്രേമികൾക്ക് സ്ത്രീവേഷം തന്നെയാണ്.പ്രത്യെകിച്ചും കുടമാളൂരിന്റെയും കൃഷ്ണൻ നായരുടെയും വളരെ അധികം കീ‍ർത്തിപ്പെട്ട സ്ത്രീവേഷങ്ങൾ ഒക്കെ കാണാതെ കേൾക്കുക മാത്രം ചെയ്തവർക്ക്എന്നേപ്പോൽ ഉള്ളവർക്ക്.

ശിവരാമൻ അന്തസ്സത്തയിൽ സ്വന്തം അമ്മാമനായ വാഴേങ്കട കുഞ്ചുനായരുടെ ശൈലി തന്നേയാണ് പിന്തുടർന്നത്.അമിതാഭിനയമോ കഥാപാത്രത്തിന്റെ സ്വഭാവഗതിയ്ക് അനുയോജ്യമല്ലാത്ത ഭാവസ്ഫുരണമോ ശിവരാമൻ സ്വീകരിച്ചിട്ടേ ഇല്ല.

കഥകളി ആസ്വാദകർക്കിടയിൽ വെള്ളം പോലെ തെളിഞ്ഞ, കല മുൻപ് എന്ന ആസ്വാദനരീതി ദുർല്ലഭമാണ്.ഒരു പാട് മുൻ ധാരണകളും ഗ്രൂപ്പ് വഴക്കുകളും ഒക്കെ ആസ്വാദകർക്കിടയിൽ ഉണ്ട്. കലാമണ്ഡലം രാമൻകുട്ടിനായർ, കലാമണ്ഡലം ഗോപി ,ഉണ്ണികൃഷ്ണക്കുറുപ്പ് എന്നിങ്ങനെ പലർക്ക് വേണ്ടിയും ആസ്വാ‍ദകർ ഘോരഘോരം വാദിക്കും.ആ എതു ഗ്രൂപ്പിനും ശിവരാമന്റെ കാര്യത്തിൽ ഏകാഭിപ്രായമായിരുന്നു. പഴയ ചില സ്ത്രീവേഷക്കാരുടെ പേരു കേട്ടിട്ടുണ്ട്.പിന്നീട് കലാമണ്ഡലം കൃഷ്ണൻ നായർ തന്നെയാണ് എല്ലാം തികഞ്ഞ സ്ത്രീവേഷക്കാരൻ ആയിരുന്നത്. പക്ഷെ പോകെ പോകെ ആകാരഗാംഭീര്യം മൂലം കൃഷ്ണൻ നായർക്ക് സ്ത്രീവേഷങ്ങൾ പറ്റാതായത്രെ..പിന്നെ കുടമാളൂർ കരുണാകരൻ നായർ*. കുടമാളൂരിന്റെ ഔചിത്യഭാസുരവും അന്തസ്സാർന്നതുമായ സ്ത്രീവേഷത്തിനു ശേഷം ശിവരാമനാണു ആട്ടക്കഥകളിലെ പെണ്ണിന്റെ ഭാഗം തിളക്കിയത്.

മറ്റു വേഷങ്ങളും ശിവരാമൻ കെട്ടിയിരുന്നു.ഞാൻ തന്നെ ശിവരാമന്റെ കൃഷ്ണനും കരിവേഷവും കണ്ടിട്ടുണ്ട്. പിന്നെ കണ്ടിട്ടുള്ള വേഷങ്ങൾ ഏത് കഥകളിപ്രേമിക്കും അറിയാവുന്നവ തന്നെ എങ്കിലും ഓർത്തെടുത്ത് എഴുതുവാൻ ഒരു വേദനയുള്ള സുഖം.കാരണം ഒരു പാടു ദിക്കുകൾ കളികൾ ഗായകർ ചെണ്ട മദ്ദളം കലാകാരന്മാർ അവരുടെ ഒക്കെ നിൽ‌പ്പുകൾ എല്ലാം അതിന്റെ ഭാഗമാണല്ലൊ.

നീലകണ്ഠൻ നമ്പീശൻ, പൊതുവാൾമാർ,കുറുപ്പാശാൻ,രാമൻ കുട്ടിവാരിയർ,അച്ചുണ്ണിപ്പൊതുവാൾ,ചന്ദ്രമന്നാടിയാർ, കലാമണ്ഡലം ഗംഗാധരൻ,* ശങ്കരൻ എമ്പ്രാന്തിരി,ഹൈദരാലി, തുടങ്ങി എത്ര എത്ര പേർഅവർ കാലയവനികക്കുള്ളിൽ മറഞ്ഞവരോ ഇപ്പൊഴും അരങ്ങത്ത് സജീവമായുള്ളവരോ എന്ന് പലപ്പോഴും ഓർമ വരാറില്ല.ഒരു പക്ഷേ ഒരിക്കലും കണ്ടിട്ടേയില്ലാത്ത പട്ടിക്കാന്തൊടി രാമുണ്ണിമേനോൻ , വെങ്കിടകൃഷ്ണഭാഗവതർ,മൂത്തമന,വെങ്കിച്ച സ്വാമി ,ആശാരിക്കോപ്പൻ എന്നിവരും കൂടി മിത്തിന്റെ രൂപത്തിൽ ഉള്ളിൽ വരും.മറ്റെല്ലാ കലകളെയും പൊതുമണ്ഡലങ്ങളെയും പോലെ കഥകളി ആസ്വാദകരുടെ മനസ്സിൽ പകുതി സ്വപ്നവും പകുതി യാഥാർഥ്യവുമാവും.ഒരു പാടു ഐതിഹ്യങ്ങൾ പ്രചരിക്കും.സിനിമ സാഹിത്യം പാട്ട് ചിത്രകല രാഷ്ടീയം എന്നിവ പോലെ കഥകളിയും ആസ്വാദകർക്കിടയിൽ പലപല കഥകളും അത്ഭുതങ്ങളും ഒക്കെ പരത്തുന്നുണ്ട് എന്നർഥം.

കോട്ടക്കൽ ശിവരാമന്റെ ദമയന്തി[നാലു ദിവസങ്ങൾ],ദ്രൌപദി[ദുര്യോധനവധത്തിലെ പാഞ്ചാലിയാണതിൽ ഏറ്റവും ഉള്ളിൽ],സൈരന്ധ്രി, സീത,കുന്തി,സതി,പൂതന,മോഹിനി,ഉർവശി,കിർമീരവധത്തിലെ ലളിത,കാട്ടാളത്തി ,രംഭ ………..ഓരോ വേഷവും ഉള്ളിൽ ഉണ്ട്.എൻ വി കൃഷ്ണവാരിയരുടെ ചിത്രാംഗദ അരങ്ങേറിയപ്പോൾ ചിത്ര ശിവരാമൻ ആയിരുന്നു എന്നും അത് വളരെ നന്നായിരുന്നു എന്നും എന്റെ അഛൻ പറഞ്ഞിട്ടറിയാം.കുഞ്ചുനായരാശാനാണു അത് ചിട്ടപ്പെടുത്തിയത്.ചിത്രയുടെ ഭാവമാറ്റങ്ങൾ അനായാസമായി ശിവരാമൻ ഉൾക്കൊണ്ടു.കലാമണ്ഡലം ഗംഗാധരനായിരുന്നു പാടിയിരുന്നത്..പാട്ട് ഇപ്പോഴും കേൾക്കാൻ പറ്റും.ഒളപ്പമണ്ണയുടെ അംബ ഞാൻ തന്നെ കലാമണ്ഡലത്തിൽ വെച്ച് കണ്ടിട്ടുണ്ട്.ഗൊപ്യാശാന്റെ സാല്വനും രാമങ്കുട്ടിയാശാന്റെ ഭീഷ്മരും.അങ്ങനെ.അതും പിന്നെ കണ്ടിട്ടില്ല എങ്കിലും മനസ്സിൽ ഉണ്ട്.

ദക്ഷയാഗത്തിലെ സതി, കീചകവധത്തിലെ സൈരന്ധ്രി ,നാലാം ദിവസത്തിലെ ദമയന്തി എന്നിവയാണ് എനിക്കേറ്റവും പ്രിയപ്പെട്ട വേഷങ്ങൾ.ലവണാസുരവധത്തിലെ സീതയും അങ്ങിനെ തന്നെ.കീചകൻ ഹനുമാൻ ഇവ രാമങ്കുട്ടിനായരാശാനും നാലാം ദിവസത്തിലെ ബാഹുകൻ ഗോപ്യാശാനും തന്നെ ആവണം.

കുഞ്ചുനായരുടെ ശിഷ്യനായി ഗ്രഹിച്ച കലാപാടവം ഒരോ ചലനത്തിനേയും സുന്ദരമാക്കും.പട്ടിക്കാന്തൊടി ആ കഥാപാത്രമാവുന്നതിൽ തപസ്സു പോലത്തെ നിഷ്ഠ പുലർത്തിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. അറിവു കലാപരമായ സർഗാത്മകത ആവുന്ന നിമിഷം.

ശിവരാമൻ മദ്യപാനത്തിൽ മുഴുകിയിരുന്ന നാളുകളിൽ പോലും താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിലേക്ക് വിസ്മയകരമായി കൂടു മാറിയിരുന്നു,കൂട്ടുവേഷക്കാരൻ അനൌചിത്യം കാട്ടിയാലും അദ്ദെഹം പിന്തുടർന്നിരുന്നുമില്ല. ശിവരാമൻ അരങ്ങത്ത് ഉണ്ടെംകിൽ ചൊല്ലിയാട്ടത്തികവു മുദ്രക്കൈകളുടെ വെടിപ്പു തുടങ്ങി ആസ്വാദകർ തലയാട്ടുന്ന സൂക്ഷ്മ സൌന്ദര്യങ്ങൾക്കുമപ്പുറം മനസ്സ് പറക്കും!സ്ത്രീകളായ എന്നെ പോലുള്ളവർക്ക് ഉള്ളലിവു തോന്നും ഏത് വേഷത്തിനോടും. എന്താണീ മനസ്സിനെ ശിവരാമനോടടുപ്പിക്കുന്ന സവിശേഷത എന്ന് ഞാൻ പലകുറി ആലോചിച്ചിട്ടുണ്ട്.

സ്ത്രീമനസ്സിലെ വൈകാരികവിക്ഷുബ്ധതകൾ പിടിച്ചെടുത്ത അഭിനയരീതി തന്നെ.ഒന്നാം ദിവസത്തിൽ നാം ദമയന്തിയെ ആദ്യം കാണുമ്പോൾ അനുരാഗത്തിൽപ്പെട്ട ഒരു കന്യക .അർണ്ണവം തന്നിലല്ലൊ ..എന്ന ഉറപ്പുള്ളപ്രണയിനി , ഈശ്വരന്മാർ അതിനീചമായി തുടങ്ങാമോ എന്ന് അവരോടൂം കയർത്തവൾ ,സ്വയംവരസദസ്സിൽ മനസാ വാചാ വപുഷാ നളനെ മാത്രമേ സ്വീകരിക്കൂ എന്ന ഉറപ്പുള്ള ധീര..ഒന്നാം ദിവസം തുടങ്ങി നാലാം ദിവസം അവസാനം വരെ നമ്മൾ ദമയന്തിയുടെ ഒപ്പം സഞ്ചരിക്കും.അന്തസ്സുള്ളവൾ അഭിമാനിനി എന്ന് മാത്രമല്ല സ്വന്തമായ മനസ്സും വികാരലോകവും ഉള്ളവൾ.അതാണു ശിവരാമന്റെ ദമയന്തി.ഉണ്ണായിവാരിയർ ജീവിചിരുന്നിരുന്നുവെങ്കിൽ പുതിയ ലോകത്തിൽ തന്റെ ദമയന്തിയേ കണ്ട് ആഹ്ലാദിച്ചേനേ.കാണാനുള്ള ശ്രീയല്ല ഉള്ളിൽ നിന്ന് പ്രസരിക്കുന്ന ചൈതന്യമാണ് ശിവരാമന്റെ സവിശേഷത.നല്ല സാഹിത്യമാണ് നല്ല നായികയെ സൃഷ്ടിച്ചത്.ദേവയാനി,സതി തുടങ്ങിയ ഇത് പോലെ വൈകാരികസങ്കീർണ്ണതകൾ ഉള്ള സ്ത്രീകൾ അത്രകണ്ട് ആഴപ്പെടാഞ്ഞത് ആട്ടക്കഥാകാരന്റെ കുഴപ്പമല്ലേ?

1999ലോ മറ്റൊ തൃശ്ശൂരിൽ സ്ത്രീ നാടകപ്പണിപ്പുര നടന്നപ്പോൾ അദ്ദെഹം പങ്കെടുത്തിരുന്നു.പറ്റാവുന്നത്ര പുസ്തകങ്ങൾ വായിക്കാനും പുരാണകഥകൾ പിന്തുടരാനും ഇതിഹാസാധിഷ്ഠിത നോവലുകൾ വായിക്കാനും ഒക്കെ അദ്ദേഹം ശ്രദ്ധ വെച്ചിരുന്നു എന്ന് മനസ്സിലായി.സ്ത്രീമനസ്സ് അറിയാൻ ശ്രമിച്ചിരുന്നു.പുതിയ ലോകത്തിലെ അഭിമാനിനിയായ സ്ത്രീയായി ഇന്നും അദ്ദേഹത്തിന്റെ ദമയന്തി സീത സൈരന്ധ്രി ഒക്കെ നമ്മളുടെ ഉള്ളിൽ ഉണ്ടാവുന്നത് അതാവാം.

ഒരു കലയും ഒരാളെ മാത്രം ഓർത്ത് എടുത്ത് അടച്ച് വെക്കാൻ പറ്റില്ല.ഒരൊഴുക്കാണത്..മിത്തുകൾ സ്വപ്നങ്ങൾ നേരും നുണയും കൂടിക്കലർന്നുണ്ടായ മാന്ത്രിക രാത്രി ലോകം .അതാണു കഥകളിയുടെ ആവിഷ്ക്കാരം ആസ്വാ‍ദനം എന്നിവയിലെ ആനന്ദഘടകം.തപസ്സ് കർശനമായ അഭ്യാസം എന്നിവയെ പൂർണ്ണമാക്കുന്ന ഒരു മൌലികതാസ്പർശം. കോട്ടക്കൽ ശിവരാമൻ ആ ലോകത്ത് ഉണ്ട്.

വി എം ഗിരിജ.

കാബൂളിവാല ഒരു ക്ലാസിക്ക് ആവുന്നത് എങ്ങനെ?

കാബൂളിവാല ഒരു ക്ലാസിക്ക് ആവുന്നത് എങ്ങനെ?

published in patayali samayam maasika

വി എം ഗിരിജ

മഹാകവി രബീന്ദ്രനാഥടാഗോറിന്റെ 150ആമത് ജന്മവാർഷികം അടുത്ത വർഷം ആഘോഷിക്കുന്നു.1861 ആണ് ടാഗോറിന്റെ ജന്മവർഷം.അദ്ദേഹത്തിന്റെ ഏറ്റവും ജനപ്രിയമായ കഥ കാബൂളിവാല ഇക്കാലത്ത് എങ്ങനെ പഠനാർഹമാവുന്നു എന്ന ആലോചനക്ക് പ്രസക്തി ഉണ്ട് തെരഞ്ഞെടുത്ത .ടാഗോർക്കഥകളുടെ ആമുഖത്തിൽ ,{The Oxford Tagore Traslations എന്ന പരമ്പരയിലെ selected short stories] തപോബ്രതഘോഷ് ഇങ്ങനെ പറയുന്നു.“.കുട്ടിക്കാലത്ത് അധികമൊന്നും ഇടപഴകലുകൾ പുറം ലോകവുമായി ഇല്ലാതിരുന്ന ടാ‍ഗോർ നേരിട്ട് കണ്ട ഒരാളാണ് റഹ് മത് എന്ന കാബൂളിവാലയുടെ പ്രാഗ്രൂപം.ചാക്കുവസ്ത്രങ്ങളുമണിഞ്ഞ് ചാക്കുകെട്ടും പേറി വരുന്ന ഒരു അഫ് ഗാൻ കച്ചവടക്കാരനെ ടാഗോർ കണ്ടിട്ടുണ്ട്.“

ആ കാബൂളിവാലക്കഥ പറയുന്ന ആഖ്യാതാവ്, ടാഗോർ തന്നെയോ എന്ന് നാം വിചാരിക്കും വിധം വൈകാരികതീക്ഷ്ണത ഉള്ള നിരീക്ഷണശക്തിയുള്ള ഒരെഴുത്തുകാരനാണ്.കഥാപാത്രമായ ആ എഴുത്തുകാരൻ ഇങ്ങനെ ആലോചിക്കുന്നു“.ഞാൻ കൽക്കത്ത വിട്ട് പുറത്തെങ്ങും പോയിട്ടില്ല.അതു കൊണ്ടായിരിക്കാം എന്റെ മനസ്സ് ലോകം മുഴുവൻ ചുറ്റിസ്സഞ്ചരിക്കുന്നത്.എന്റെ വീട്ടിന്നകത്ത് എനിക്കെപ്പൊഴും തോന്നും ഞാൻ ബഹിഷ്കൃതനാണെന്ന്.; ഞാൻ വിശാ‍ലമായ പുതുലോകങ്ങളെ സ്വപ്നം കണ്ടുകൊണ്ടേയിരിക്കും.ഒരു പുതിയ രാജ്യത്തിന്റെ പേരു കേട്ടാ മതി ഞാൻ എന്റെ സങ്കൽ‌പ്പ സഞ്ചാരം തുടങ്ങും.വിദേശമണ്ണിൽ നിന്നു വരുന്ന ആരെയെങ്കിലും കണ്ടാലും അങ്ങനെ തന്നെ.എന്നാലും ഞാൻ സ്വന്തം വേരിനോട് അത്രമേൽ ബന്ധിക്കപ്പെട്ട ഒരു സസ്യം മാത്രമാണ്.[yet am so much a vegetable anchored to my root] സ്വന്തം മൂല വിട്ട് പോവുന്നതിനെ കുറിച്ചുള്ള ആലോചന പോലും എന്നെ നടുക്കും”ആ എഴുത്തുകാരൻ സ്വന്തം ജീവിതത്തിൽ ലോകത്തിന്റെ നാനാഭാഗങ്ങളേയും പുണരാൻ കൊതിക്കുന്നു.അയാൾ എഴുതുന്നത് അയാൾ ചിന്തിക്കുന്നത് അയാളുടെ സൃഷ്ടാവായ രബീന്ദ്രനാഥടാഗോർ എഴുതുന്നത് അങ്ങനെ ഒരു പാടു തലങ്ങൾ കാബൂളിവാലയിൽ കിടക്കുകയാണ്.

അയാൾ കാബൂളിവാലയോട് എന്നും സംസാരിക്കും.പൊക്കമേറിയ .ദുസ്തരമായ ചൂടു കൊണ്ട് ചുമന്ന മലനിരകൾ രണ്ടു ഭാഗത്തും.നടുവഴിയിലൂടെ നീങ്ങുന്ന കച്ചവടസംഘങ്ങൾ,ഒട്ടകപ്പുറത്തും കാൽനടയായും കച്ചവടക്കാർ, ചിലരുടെ കയ്യിൽ കുന്തങ്ങൾ ചിലരുടെ കയ്യിലോ പഴഞ്ചൻ റൈഫിളുകൾ..

കാബൂളിവാലയുമായുള്ള സംസാരത്തിൽ നിന്ന് മിനിക്കുട്ടിയുടെ അഛനായ ആ എഴുത്തുകാരന്റെ ഉള്ളിൽ ഉയർന്നു വന്ന അഫ് ഗാൻ നാടിന്റെ ചിത്രം ഇതാണ്.

കാബൂളിവാലയും മിനിക്കുട്ടിയും തമ്മിൽ പിരിയാൻ വയ്യാത്ത അടുപ്പമാണ്.ആ നിഷ്കളങ്കമായ കളിയും ചിരിയും ആരെയും ആനന്ദിപ്പിക്കും.മിനിയുടെ അമ്മ പക്ഷെ അയാളെ സംശയദൃഷ്ടിയോടെയാണു നോക്കുന്നത്.അയാൾ അവളെ തട്ടിക്കൊണ്ട് പോവുമൊ?അങ്ങനത്തെ സംഭവം എന്താ ഉണ്ടായിട്ടില്ലെ?ആ മല പോലത്തെ പഠാനു മിനിയേ തട്ടിക്കൊണ്ട് പോവാൻ എന്താ പ്രയാസം?അഫ് ഗാനിസ്ഥാനിലെന്താ അടിമവ്യാപാരം നടക്കുന്നില്ല?.എന്നൊക്കെ അവൾ ഭർത്താവിനോട് ചോദിക്കും.എല്ലാവർക്കും ഒരേ തോതിൽ ഉറച്ച വിശ്വാ‍സം ഉണ്ടാവുമൊ എന്ന് മിനിക്കുട്ടിയുടെ അഛനായ എഴുത്തുകാരൻ ചോദിക്കുന്നു.എന്നാലും ഒരു തെറ്റും ചെയ്യാത്ത കാബൂളിവാലയെ വീട്ടിൽ വരുന്നതിൽ നിന്ന് തടയാൻ അയാൾക്കാവുന്നില്ല.

കാബൂളിവാല ഒരാളെ മാരകമായി കുത്തി മുറിവേൽ‌പ്പിച്ച് എട്ട് കൊല്ലം ജയിലിൽ കിടന്നു.മിനി ആ‍ കൂട്ടുകാരനെ മറന്നു. എഴുത്തുകാരനും തന്നെക്കാൾ അല്ലെങ്കിൽ തന്നെ പോലെ തന്നെ[ അതായത് മിനിയുടെ കളിക്കൂട്ടുകാരനായിരുന്ന അവളുടെ സ്വന്തം അഛനായ തന്നേ പോലെ ] തന്റെ കൊച്ചുമകളുടെ ഹൃദയം കവർന്ന ആ സഞ്ചാരിയെ മറന്നു പോയി.അയാൾക്ക് കാബൂളിവാലയെ രക്ഷിക്കാൻ കുറഞ്ഞത് ശിക്ഷ കുറക്കാൻ എങ്കിലും കഴിയുമായിരുന്നില്ലേ എന്ന് നാം ചിന്തിച്ച് പോകും.എന്നാൽ മനുഷ്യർ അല്ലേ..!കഴിയുന്നത്ര അപകടങ്ങളിൽ ചെന്ന് ചാടാതെ ഒഴിഞ്ഞു നിൽക്കാനുള്ള സഹജ വാസന അവർക്ക് ഉണ്ടായിരിക്കാം.

എന്നാൽ എട്ട് കൊല്ലം കഴിഞ്ഞ് മിനിക്കുട്ടിക്ക് പഴയ പോലെ മുന്തിരിയും മറ്റുമായി എങനെയോ കൃത്യം അവളുടെ കല്യാണദിവസം തന്നെ വന്ന ആ ജയിൽമോചിതനെ തിരിച്ചയക്കാതെ മകളെ വധൂവേഷത്തിൽ പുറത്തെക്ക് കൊണ്ട് വന്ന് കാണിക്കാൻ അയാൾ തയ്യാർ ആയി.കാരണം ആ കാബൂളിവാലാ തന്റെ ഉള്ളുടുപ്പിൽ നിന്ന് ഒരു കുഞ്ഞിക്കൈപ്പത്തിയുടെ ചിത്രം പുറത്തെടുക്കുന്നു.വരച്ചതല്ല ഒരു ഫോട്ടോ അല്ല കരി പൊടിച്ച് എടുത്ത് അതിൽ മുക്കി ഒരു കടലാസിൽ പതിച്ചത്.അയാളുടെ സ്വന്തം മകളുടെ. ആ മകളുടെ മൃദുകൈപ്പത്തി നെഞ്ചോട് ചേർത്ത് പിടിച്ച പൊലെ അയാൾക്ക് തോന്നാൻ. അതാണു അയാൾ മിനിയെ കാണാൻ വന്നിരുന്നത്.സ്വന്തം മകളെ ആ സഞ്ചാരി കണ്ടത് മിനിയിൽ ആയിരുന്നു!

വധൂരൂപത്തിൽ മിനിയേ കണ്ടതും തലയിൽ കയ് വച്ച് നിലത്തിരിക്കുന്ന കാബൂളിവാലയെ നാം മറക്കില്ല.മിനി അയാളെ മറന്നിരുന്നു.അതു മാത്രമല്ല അയാളെ വേദനിപ്പിച്ചത് .തന്റെ മകളും അതെ പോലെ തന്നെ മറന്നിരിക്കുംകയ്യിൽ ഒന്നുമില്ലാതെ ജയിലിൽ നിന്ന് വിട്ട കുറ്റവാളിയായി അയാൾ എങ്ങനെ ആ വീട്ടിൽ തിരിച്ച് പോവും?സ്വന്തം മകൾക്കും കല്യാണം വേണ്ടേ?ഇങ്ങനെ നൂറ് നൂറ് ചിന്തകൾ വികാരങ്ങൾ അയാളെ തളർത്തി.അത് എഴുത്തുകാരനു മനസ്സിലായി.അയാൾ മിനിയുടെ കല്യാണം ആർഭാടമാക്കാൻ വെച്ചിരുന്ന കുറേ രൂപ എടുത്ത് ആ കാബൂളിവാലയെ യാത്രയാക്കുന്നു.മകൾ പിരിയാൻ പോകുന്നു എന്നാലോചിക്കുമ്പൊഴേ ശൂന്യമാകുന്ന അയാളുടേ മനസ്സിൽ കാബൂളിവാല മകൾക്ക് നൽകുന്ന അനുഗ്രഹം തിളക്കം ഉള്ളതാണു ആയിരം ദീപാലങ്കാരങ്ങളെക്കാളും.

കാബൂളിവാല ഒരു കുട്ടിക്കഥയായാണു പലപ്പോഴും വിലയിരുത്തപ്പെടാറുള്ളത്.ഇന്ത്യയിൽ വിദ്യാർഥികളെ പഠിപ്പിക്കുന്ന ഒരു കഥയാണിത്.എട്ടാം ക്ലാസ്സ് മുതൽ ബിരുദതലം വരെ എവിടെയും ഈ കഥ ടെക്സ്റ്റ് ബുക്കിൽ കണ്ടെന്ന് വരാം. എപ്പോൾ വായിച്ചാലും ഏത് പ്രായത്തിലുള്ളവരുടേയും കണ്ണുകൾ നനയിക്കും ഈ കഥ.നന്മയുടെ, അകളങ്കസൌഹൃദത്തിന്റെ കഥയായി ഇത് വാഴ്ത്തപ്പെടുന്നു.

എന്നാൽ ഈ കഥയിലെ ഓരോ വരിയും കുത്തും കോമയും നിശ്വാസവും ചിരിയും എല്ലാം ഏറെ ശ്രദ്ധയോടേ നിബന്ധിച്ചിരിക്കുന്നു.ഒരു മഹാകവിക്ക് മാത്രമേ ഇത്ര ധ്വനിസാന്ദ്രമായി എഴുതാൻ പറ്റൂ.ഈ കഥക്കുള്ളിൽ നിബന്ധിച്ച് വെച്ചിരിക്കുന്നത് സർഗാത്മകതയെ പറ്റി ടാഗോർ കരുതുന്ന ഒരു മഹാരഹസ്യമാണ്.

താൻ എഴുതുന്ന നോവലിലെ നായികയും നായകനും- രണ്ട് കമിതാക്കൾ- ജയിൽ ചാടാൻ പുഴയിലെക്ക് കുതിക്കാനൊരുങ്ങുന്ന മുഹൂർത്തം കുറിക്കാൻ മിനിയുടേ അഛനായ എഴുത്തുകാരൻ തുടങ്ങുമ്പൊഴാണു മിനി ജനലിലൂടെ നീട്ടി വിളിച്ച് കാബൂളിവാല അകത്ത് വരുന്നത്.“ശല്യം! ഇന്നത്തെ എഴുത്ത്, ഞാൻ എഴുതാൻ ഭാവനയിലൂടെ സ്വരൂപിച്ചു കൊണ്ടിരുന്ന ആ അദ്ധ്യായം, ഈ സന്ദർശകന്റെ വരവോടേ ഇനി കുന്തമായിപ്പൊയല്ലൊ, എഴുതാനിരിക്കാൻ പറ്റില്ലല്ലൊ “ എന്നയാൾ സങ്കടത്തോടേ ചിന്തിക്കുന്നു എങ്കിലും തെളിഞ്ഞ ചിരിയുമായി വരുന്ന ആ സഞ്ചാരിയെ സ്വീകരിക്കാതിരിക്കാൻ പറ്റുന്നില്ല.മലനിരകളിലൂടേ പൊടി പൊങ്ങുന്ന വഴികളിലൂടെ തുരങ്കങ്ങളിലൂടെ ഒട്ടകപ്പുറത്തും കാൽനടയായും അയാളുടെ ഭാവന സഞ്ചരിക്കുന്നത് ആ അഫ് ഗാൻ കാരന്റെ സാന്നിധ്യത്തിലാണ്.പ്രതാപ് സിങ്ങും കാഞ്ചന്മാലയും രാത്രിയുടെ കൂരിരുട്ടിൽ തടവറ ചാടുന്നതും ആ നോവലിസ്റ്റിന്റെ ഭാവന തന്നെ.എന്നാൽ സ്വന്തം ലോകത്തെ മുഴുവൻ വിശാലലോകവും അവിടത്തെ സാധാരണക്കാരും ആയും ബന്ധിപ്പിക്കുന്നിടത്താണ് യഥാർഥഭാവന എന്ന് ടാഗോർ കാണിച്ച് തരികയാണ്.താൻ അറിയാതെ ഭൂമിശാസ്ത്രം തൊഴിൽ രാഷ്ട്രീയം ജാതി സ്വത്ത് ഭാഷ വേഷം വയസ്സ് എന്നീ വിഭാഗീയതകൾ മാഞ്ഞു പോകുന്നു മുസ്ലിമായ ആ സഞ്ചാരിക്കച്ചവടക്കാരനും ഒരു ബംഗാളിസവർണ്ണഹിന്ദുവായ സ്വത്തുകാരനും എന്ന വിടവു വിടവേ അല്ലാതാകുന്നു.

. കുറ്റവാളിയും തെറ്റില്ലാത്തവനും നല്ലവനും ചീത്തവനും എന്ന , ജെയിലിന്റെ ഉള്ളിലും പുറത്തും ഉള്ളവൻ എന്ന വ്യത്യാസങ്ങൾ ഒക്കെ ഇല്ലാതാകുന്നു.മാനവികതയാണ് എഴുത്തുകാർ നെഞ്ചോട് ചേർത്ത് പിടിക്കെണ്ടത് എന്നർഥം.

ക്ലാസ്സിക്കുകൾ ഇങ്ങനെയാണ് ഉണ്ടാവുന്നത്.എല്ലാ മനുഷ്യരെയും കൂട്ടിയിണക്കും അത്.സ്വന്തം വേരിനോട് ഒരു സസ്യം എന്ന പോലെ ബന്ധിതം എങ്കിലും അത് ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കും.ഭാവനാസഞ്ചാരങ്ങൾ കൈക്കുമ്പിളിൽ ഒരു പാട് അനുഭവങ്ങളുമായി മടങ്ങി വരും. ഇലക്ട്രിക്ക് വിളക്കിനേക്കാൾ മനുഷ്യന്റെ മനസ്സ് തണുക്കുമ്പോൾ ഉണ്ടാകുന്ന നിലാവിനാണ് അവിടെ തെളിച്ചം.കണ്ണുകൾ ഈറനണിയിക്കുമ്പോൾ തന്നെ ആ ദീപ്തിപ്രസരം നമുക്ക് അനുഭവിക്കാറാവും.

സ്വന്തം വേരിനോട് അത്യധികം ബന്ധിക്കപ്പെട്ട ആ വേരിൽ നിന്നടർത്തി മാറ്റിയാൽ സഹജഭാവം നശിച്ച് മണ്ണടിയുകയോ ഉണങ്ങുകയോ ചെയ്യുന്ന ഒരു സസ്യമാണ് യഥാർഥ എഴുത്തുകാരൻ.അങ്ങനെ ആയിരിക്കണം. സ്വന്തം സംസ്കാരം,നാട്,നാട്ടുകാർ,അവരുടേ സാമൂഹ്യമനസ്സ്,നാടൻ കഥകൾ, കല,ഉൾനാടുകൾ,ഭൂപ്രദേശങ്ങൾ,സ്വഭാഷ ഇവയെല്ലാം എഴുത്തുകാരൻ എന്ന സസ്യത്തിന്റെ വേരോടുന്ന മണ്ണാണ്.ആ മണ്ണിൽ അടിയുറപ്പിച്ച് മറ്റ് ഏതൊരു ഭൂവിഭാഗത്തെയും പരിചയപ്പെടണം.അപ്പോളറിയാം മനുഷ്യവികാരങ്ങൾ നന്മകൾ ജീവിതാശ സ് നേഹ ദാഹം എല്ലാമെവിടെയും ഒന്നാണ് എന്ന്.ചില്ലകൾ പൂക്കൾ ഇലകൾ മണങ്ങൾ മാറിയാലും എല്ലാറ്റിലും ഒഴുകുന്ന ജീവജലം ജീവരസം ഒന്നു തന്നെ എന്ന്.അതാണു ടാഗോർ എന്ന എഴുത്തുകാരൻ മിനിക്കുട്ടിയുടെ അഛൻ എന്ന നോവൽ എഴുത്തുകാരനിലൂടെ ആവിഷ്കരിച്ചത്.

മനുഷ്യർക്ക് ഈ പ്രപഞ്ചത്തിൽ ഇനിയും ജീവിക്കാൻ അനുമതി തരുന്ന ഒരു ക്ലാസിക്കാണ് കാബൂളിവാല.സർഗാത്മകതയുടെ പല പല മേഖലകളിലും സ്വന്തം പേരു എഴുതി ചെർത്ത ടാഗോർ ഇന്ത്യക്കാരുടെ അഭിമാനമാണ് എന്നതിന്റെ ഒരു അടയാളം.

====================

വി എം ഗിരിജ

തണൽ

കിഴക്കെക്കരറോഡ്

തൃക്കാക്കര പോസ്റ്റ്

കൊച്ചി 21

പിൻ 682021