Wednesday, December 08, 2010

MADYAM KERALASAMOOHAM

PUBLISHED IN AKAM MAASIKA

മദ്യം ദൈവം പോലെ സർവശക്തനും

സർവവ്യാപിയും

മദ്യപാനം എന്ന പ്രതിഭാസത്തിന്റെ ഗ്രാഫ് രാവിലെ ഡ്യൂട്ടിസമയത്താണ് എന്റെ ഉള്ളിൽ പ്രത്യക്ഷപ്പെടുക.ഞാൻ ആകാശവാണി കൊച്ചി എഫ് എം നിലയത്തിൽ അനൌൺസർ ആണ്.എഫ് എം ഡയറി എന്ന പരിപാടിയിൽ ട്രാഫിക്ക് ന്യൂസ് ഉണ്ട്.കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ നടന്ന അപകടങ്ങൾ വിശെഷങ്ങൾ ഇവ സിറ്റി ട്രാഫിക്ക് കണ്ട്രോൾ റൂം അറിയിക്കും .മദ്യപിച്ച് വാഹനമോടിച്ചതിനു 32 പേരെ ,അശ്രദ്ധമായി വാഹനമോടിച്ചതിനു 23 പേരെഎന്ന തരത്തിലാണത് വരിക.മുൻപ് ഞായർ വരുമ്പോഴൊ ഒഴിവു വരുമ്പോഴൊ ആണ് മദ്യപിച്ച കണക്ക് -സംഖ്യ-അധികമാവുക.ഇപ്പോൾ കൊച്ചിക്കാർക്ക് അത്ര കൊച്ചാവാൻ ഇഷ്ടമില്ല .എല്ലാ ദിവസവും കൊച്ചി റോഡുകളിൽ മദ്യപന്മാർ കാറോടിക്കുന്നു..ഇത് കേവലം സിറ്റി അതിർത്തിക്കകത്ത് മാത്രം അതും പിടിക്കപ്പെട്ട കേസുകൾ.

എന്നാൽ മദ്യപാനത്തിന്റെ കണക്കുകൾ ഇവിടെ ഒതുങ്ങുന്നില്ല.ഓണം,കൃസ്ത് മസ്സ് തുടങ്ങിയ ആഘോഷവേളകളിൽ ഒഴുക്കുന്ന കോടികൾ മാധ്യമ പ്രവർത്തകർക്ക്കാണാപ്പാഠമാണ്.വികസനപദ്ധതികളിലൂടെ വീട് നഷ്ടപ്പെട്ട പാവങ്ങൾ തെരുവിൽ ഓണം ആഘോഷിക്കുന്നവർ ഇവർക്ക് ഈ പണം ലഭിച്ചിരുന്നെങ്കിൽ?!അങ്ങനെ ആലോചിക്കുന്ന കാലം കഴിഞ്ഞു.

കേരളത്തിലെ ഈ മദ്യസാന്നിധ്യം ഇന്ന് സാമൂഹ്യരോഗമായിരിക്കുന്നു.എയിഡ്സിനേക്കാളും വലുത്.എല്ലായിടത്തും എന്നും എപ്പോഴും അതുണ്ട്.പല പല സങ്കീർണ്ണതകൾ ഉള്ള ഒരു വിഷവലയാണത്.മധ്യവർത്തികൾ,ശമ്പളം വാങ്ങി ജീവിക്കുന്നവർ എന്നിവർക്ക് സാമ്പത്തിക സ്ഥിതി മെചചപ്പെട്ടു. അതൊടൊപ്പം ആദർശങ്ങൾക്ക് മങ്ങലേറ്റു.ഖദർ,ലളിതജീവിതം,ആഡംബരത്തോട് വെറുപ്പ് എന്നിവ അപഹസിക്കപ്പെടേണ്ടതായി.വ്യക്തിയുടെ സുഖം എന്ന സങ്കൽ‌പ്പം പച്ചപിടിച്ചു.ആ സുഖം പണം കൊടുത്തു വാങ്ങാൻ പറ്റും എന്ന നിലപാട് ശക്തമായി.അപ്പൊഴാണ് മദ്യം എന്ന സുഖം ആളുകൾ ഏറ്റെടുത്തത്.

ആദർശങ്ങൾ അപഹാസ്യമായതിന്റെ കൂട്ടത്തിൽ മദ്യത്തോടുള്ള പേടിയും വെറുപ്പും നീങ്ങിക്കിട്ടി.എന്റെ കുട്ടിക്കാലത്ത് കള്ളുകുടിയൻ എന്ന പദം ഉണ്ടാക്കിയിരുന്ന പേടി ,വെറുപ്പ്,ജുഗുപ്സ ഇവ അവർണ്ണനീയമാണ്.കള്ള് കുടിച്ചിരുന്ന പണിക്കാരും മറ്റും അവരുടെ ക്ഷീണം മാറ്റാൻ അൽ‌പ്പം കഴിച്ചിരുന്നവരായിരുന്നുവൊ?

ആകെ കൂടെ ഞാൻ കണ്ടിരുന്ന ഒരു കുടിയൻ ചാമി ആണ്.പണിയുടെ കാര്യത്തിൽ ഒരു പെർഫക്ഷണിസ്റ്റ് ആയിരുന്നു ചാമി.കൂലി മുഴുവൻ കുടിച്ച് കളയുന്നു എന്ന പരാതി ഉണ്ടായിരുന്നു.എന്നാൽ മണ്ണും ചാമിയും തമ്മിൽ ഗാഢസ് നേഹമായിരുന്നു.അതവിടെ നിൽക്കട്ടെ.കോളജിലും “ആ കുട്ടി കള്ളു കുടിക്കുംത്രേ “എന്ന ചില പിറുപിറുപ്പുകൾ ഉണ്ടായിരുന്നു എന്നല്ലാതെ കള്ള് എന്ന ഒരു വസ്തു കാണുന്നില്ല.ആ കാലത്തിന്റെ കണ്ണിൽ മദ്യപാനം ഏറ്റവും വലിയ ദുശ്ശീലമായിരുന്നുകാലം മാറി.കൊച്ചിയിൽ വന്നതിൽ പിന്നെ മദ്യം അൽഭുതമല്ലാതായി.മദ്യങ്ങളുടെ പല പല പേരുകൾ കേട്ടു. പിന്നെ മദ്യപാനികൾ എന്ന ലേബലിനോടുള്ള പേടി വിട്ടു,പല പല തട്ടിലുള്ള മദ്യപാനികളെ പരിചയമായി.മുൻപ് വീട്ടിനകത്ത് മദ്യക്കുപ്പി കാണുക സിനിമയിൽ വില്ലന്മാരുടെ വീട്ടിലായിരുന്നു.ഇപ്പോൾ അത് ഒരു സാധാരണസാന്നിധ്യമായി.കോടികൾ മദ്യത്തിന്റെ പേരിൽ ഒഴുകുന്നു.വ്യക്തിയുടെ സുഖം സന്തോഷം ആഘോഷം ആനന്ദം ..പ്രത്യെകിചും പുരുഷന്മാരുടെ സുഖം മദ്യം എന്നായി.

സാമൂഹ്യപ്രതിബദ്ധത, വായനശാലകൾ,ഫിലിം സൊസൈറ്റി പ്രവർത്തനം,രാഷ്ട്രീയപ്പാർട്ടികൾ തുടങ്ങി ചെറുപ്പക്കാരെ ഉത്തേജിപ്പിച്ചിരുന്ന പലതും അപ്രത്യക്ഷമായതിന്റെ ഫലമല്ലെ ഇതു?വൈകുന്നേരം ചെയ്യാനുള്ള ഒരേ ഒരു കാര്യമായി മദ്യപാനം.നൊസ്റ്റാൾജിയ എന്ന ഇത്തിൾക്കണ്ണിയുമതോടൊപ്പം പടർന്നു പന്തലിച്ചു.

ഏത് കച്ചവടത്തിന്റെയും പെൺ വാണിഭത്തിന്റെയും നയരൂപീകരണതിന്റെയും ഒപ്പം മദ്യം ഉണ്ട്. കൊട്ടേഷൻ പാർട്ടിയിലും മാഫിയാ സംഘത്തിലും അതുണ്ട്.ഹർത്താലും സമരവും എന്നാൽ മദ്യവും ചിക്കനുമാണ്. സാഹിത്യ സമ്മേളനങ്ങൾ,ഫിലിം ഫെസ്റ്റിവലുകൾ,സിനിമാചർച്ച, ചിത്രശിൽ‌പ്പപ്രദർശനം ..എവിടെയും മദ്യം ആണ് ആതിഥേയനും മുഖ്യാതിഥിയും.രാഷ്ടീയക്കാരായിരിക്കാം പൊതുവേദിയിൽ മദ്യപിച്ച് കാണപ്പെടാൻ മടിക്കുന്ന ഒരേ ഒരു സമൂഹം.എല്ലാ പ്രധാന ഉടമ്പടികളും മദ്യത്തോടൊപ്പമാണ് സംഭവിക്കുന്നത്. സർക്കാർ തന്നെ മദ്യവകുപ്പും മദ്യമന്ത്രിമാരുമായി മദ്യം ഉണ്ടാക്കുന്നു വിൽക്കുന്നു,പ്രോത്സാഹിപ്പിക്കുന്നു,വരുമാനമുണ്ടാക്കുന്നു .എന്നാൽ സിനിമയിൽ മദ്യപാനരംഗം കാണിക്കരുത്,സെൻസർഷിപ്പ് ഉണ്ട്..മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന ലേബലും വേണം.എന്തൊരു വൈരുദ്ധ്യവും നുണകളുമാണ് സർക്കാർനയത്തിൽ.

ശരാശരി 14 വയസ്സിലാണത്രെ ഒരു ആൺകുട്ടി ആദ്യമായി ഇന്ന് കേരളത്തിൽ മദ്യപിക്കുന്നത്.അതായത് ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ !വെറും സ്റ്റാറ്റിസ്റ്റിക്സ് എന്ന് പറഞ്ഞ് പുഛിച്ച് തള്ളരുത്.നമ്മുടെ കുട്ടികൾക്ക് നാമാണല്ലൊ മാതൃകകൾ. വീര്യമില്ലാത്ത ബിയറുകൾ , സ്വൽ‌പ്പം വീര്യമാത്രകൾ കൂട്ടുന്ന ബിയറുകൾ അങ്ങനെ കുട്ടികൾക്കും സ്ത്രീകൾക്കുമായി മദ്യക്കമ്പനികൾ തങ്ങൾക്ക് പറ്റാവുന്ന വിധം “സൌഹൃദാന്തരീക്ഷം”നിർമ്മിക്കുന്നണ്ട്.catch them young എന്ന സർക്കാർ മുദ്രാവാക്യം അവർ ശ്രദ്ധിചില്ലെന്ന് ആർക്കും കുറ്റപ്പെടുത്താൻ പറ്റില്ല.

സ്ത്രീകളുടെ മദ്യപാനവും സാമൂഹികാംഗീകാരം പതുക്കെ നേടുന്നു.തുല്യത മറ്റൊന്നിലും ഇല്ലെംകിലും മദ്യത്തിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് പെട്ടെന്ന് നേടിയെടുക്കാൻ പറ്റും.കാരണം സ്ത്രീകൾ വളരെ“ പൊട്ടെൻഷ്യൽ“ ഉള്ള ഒരു കൺസ്യൂമർ വിഭാഗം ആണല്ലൊ.സിഗററ്റ്,മദ്യം,മയക്ക്മരുന്ന് എന്നിവ സ്ത്രീകൾക്കിടയിൽ പ്രാബല്യത്തിലായാൽ കൊയ്യാവുന്ന കോടികൾ കണക്കിലെടുത്താൽ ആരോഗ്യം വീട് ജോലിസ്ഥലം കുട്ടികളെ നോക്കൽ അനന്തരതലമുറയുടെ ആരോഗ്യം മാനസികസുസ്ഥിതി തുടങ്ങിയ നിസ്സാരപ്രശ്നങ്ങളെ കണക്കിലെടുക്കേണ്ടതുണ്ടോ?

പണം കൊണ്ട് വാങ്ങാവുന്ന സുഖങ്ങൾ അധികമായിട്ടും സുഖം കിട്ടുന്നില്ല എന്നത് നാം കാര്യമാക്കുന്നില്ല .സുഖം അനുഭവിക്കുന്നത് ഉടൽ കൊണ്ട് മാത്രമാവുമ്പോൾ അതിന് പരിധി ഉണ്ട്.

“നിഴലിൻ വഴി പൈതൽ പോലെ ഭോഗങ്ങൾക്ക് പിൻപെ പോയുഴലുക“ എന്നതാണൊ ഇതിന്റെ പിന്നിലെ മനശ്ശാസ്ത്രം?കേരളീയരുടെ മദ്യപാനം സർഗ്ഗാത്മകമല്ല വിനാശകരവും ആർത്തി പിടിച്ചതുമാണെന്ന് എന്റെ ഒരാത്മസുഹൃത്ത് പരാതിപ്പെടാറുണ്ട്.നിങ്ങൾ ഗോവയിലേക്ക് വരുഅവർ പതുക്കേ ആസ്വദിച്ച് അൽ‌പ്പം കഴിക്കുന്നത് കാണൂ എന്നും പറയും.

കേരളത്തിൽ ഹിംസാത്മകമാണ് മദ്യപാനം.നല്ല വികാരവിചാരങ്ങളല്ല അത് ഉണർത്തി വിടുന്നത്.രതി മദ്യം പണം എന്നിവയൊന്നും സർഗ്ഗാത്മകമായി പ്രവർത്തിക്കാത്ത സമൂഹമാണ് നമ്മൾ.മദ്യപാനം ഇന്ന് വീട്ട് മുറ്റത്തോ കോലായിലോ കാരണവരേ പോലെ ഇരിക്കുന്നുഅട്ടഹസിച്ച് ചിരിക്കുന്നു.രാത്രിബസ്സുകളിൽ കുഴഞ്ഞ നാവും തീക്ഷ്ണഗന്ധവുമായി സ്ത്രീകളെ അസ്വസ്ഥരാക്കുന്നു.സർക്കാർ ചാനലുകൾ അല്ലാത്തവ എല്ലാം മദ്യപരസ്യം സ്വീകരിക്കുന്നു.

ദൈവമെതത്വത്തിൽ ആരൊക്കെയാണ് മദ്യത്തിനു എതിരല്ലാത്തത്?അമ്പലങ്ങൾ,പള്ളികൾ,മതങ്ങൾ,മതസംഘടനകൾ.വീട്ടമ്മമാർ,അദ്ധ്യാപകർ……എസ് എൻ ഡി പി പോലും.എന്നാൽ പിന്നെ ആരു കുടിച്ചിട്ടാണ് ഈ മദ്യമത്രയും കോടിക്കണക്കിനു വിപണി കണ്ടെത്തുന്നത്?

വൈലോപ്പിള്ളിയുടെ കുടിയൊഴിക്കലിലിലെ തൊഴിലാളി കുടിക്കുന്നത് “ദുഷ്പ്രഭുപ്പുലയാടികൾ പാർക്കും

ഇപ്പുരയ്ക്കിടി വെട്ട് കൊള്ളട്ടേ’ തുടങ്ങിയ സത്യങ്ങൾ പറയാനാണ്. പണ്ട് അൽ‌പ്പം “കഴിച്ച്”പാട്ട് പാടിയും കുട്ടികൾക്ക് കഥകൾ പറഞ്ഞും സന്തോഷം പകർന്നിരുന്ന അത്തരം നല്ല മദ്യപരുടെ കഥകളല്ല ഇന്നത്തെ കഥ. ഇന്ന് രോഗം പോലെയോ ദൈവം പോലെയൊ സർവവ്യാ‍പിയായ സർവശക്തനായ ഒരു സാന്നിധ്യമാണ് മദ്യം.

നാം ആലോചിച്ച് വെച്ച ഒരു പാട് ന്യായീകരണങ്ങൾ ഉണ്ടാവും.എത്ര പഴക്കമുള്ള ഒരു ശീലമാണിത്.,എത്ര കലാകാരന്മാരും പ്രമുഖരും മദ്യപിച്ചിരുന്നു,നാമായിട്ട് ഇതിനേ തടയാൻ പറ്റുമൊ?എത്ര പ്രാചീനദ്രാവകം..എത്ര രാജ്യങ്ങളുടെ സമ്പത്ത് ..മദ്യപ്രിയാ മദോന്മത്താ എന്നൊക്കെ ദേവിയേ നാം വിശെഷിപ്പിക്കാറില്ലെ?അങ്ങനെ അങ്ങനെ.നമുക്ക് പ്രിയപ്പെട്ട പലരും നാം തന്നെയും മദ്യപിച്ചിട്ടുള്ളവരാ‍യിരിക്കാം ..എന്നിട്ട് എന്തെംകിലും പറ്റിയൊ?വേറെ എന്തൊക്കെ ഉണ്ട് വെറുക്കപ്പെടാനും എതിർക്കപ്പെടാനും? ഇങ്ങനെ എതിർപ്പുകളെ നീട്ടി വെച്ച് തണുപ്പിക്കുകയാണല്ലൊ ഒരു രീതി.

ഇനി അത് പറ്റില്ല.ഈ സാമൂഹ്യരോഗം അതിന്റെ കാരണമായ സുഖവാഞ്ഛ ,വ്യക്തിസുഖം ഒറ്റപ്പെട്ട് നിൽക്കുന്ന എന്തോ തുരുത്താണെന്ന സാമൂഹികതയിൽ നിന്ന് വിട്ട വീക്ഷണം ഇവ മായ്ക്കണം . മദ്യത്തിനടിപ്പെട്ട സമൂഹം എന്നാൽ രോഗാതുരമായ സമൂഹം.ഭാവി മരണം മാത്രമായ സമൂഹം.

വി എം ഗിരിജ

No comments: